തിരൂർ: കാട്ടിലപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖാണ് അറസ്റ്റിലായത്. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ് സ്വാലിഹിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സ്വാലിഹിനെ അക്രമിച്ച് കൊലപ്പെടുത്തിയത് കാട്ടിലപ്പള്ളി സ്വദേശി മുഹമ്മ് ആഷിഖിന്റെ നേതൃത്വത്തിലാണെന്ന് പോലീസിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വാലിഹും സുഹൃത്തുക്കളും ലഹരി ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തന്നോട് ശത്രുത ഉണ്ടായിരുന്നതായാണ് ആഷിഖ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിനു പിന്നാലെ സ്വാലിഹും സുഹൃത്തുക്കളും ആഷിഖിനെ തടഞ്ഞു വെച്ച് മർദിച്ചു.
ഈ വിവരം ആഷിഖ് വീട്ടിലെത്തി പിതാവിനോടും സഹോദരങ്ങളോടും പറഞ്ഞു. ഇതിന് പകരം ചോദിക്കാനാണ് ആഷിഖും പിതാവും രണ്ടു സഹോദരൻമാരും ചേര്ന്ന് സ്വാലിഹിനേയും സുഹൃത്തുക്കളേയും കാർ തടഞ്ഞ് മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സ്വാലിഹ് പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തുള്ള വീടിന് സമീപം തളർന്നു വീഴുകയായിരുന്നു. സ്വാലിഹ് രക്ഷപ്പെട്ടെന്ന് കരുതി ആഷിഖും സംഘവും സ്ഥലം വിട്ടു. രാവിലെ വീട്ടുകാരാണ് സ്വാലിഹിന്റെ മൃതദേഹം കണ്ടെത്തിയത്.