താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണമെന്ന് മുന്നറിയിപ്പ്

Advertisement

താമരശേരി: അവധിയാഘോഷങ്ങൾക്കായി സഞ്ചാരികൾ വയനാട്ടിലേക്കു യാത്ര തുടങ്ങിയതോടെ താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവിലാണ് കൂടുതൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്.

കഴിഞ്ഞ ദിവസം ചുരത്തിൽ ലോറി കുടുങ്ങിയതോടെ ഗതാഗതം മുടങ്ങിയിരുന്നു. ക്രെയിനിൻറെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി നീക്കം ചെയ്തത്. ചുരത്തിൽ ഇന്നലെ ആരംഭിച്ച ഗതാഗ കുരുക്ക് ഇന്നും തുടരുകയാണ്.

ചുരത്തിൽ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. പലയിടങ്ങളിലും ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ കുരുക്കഴിക്കുക ശ്രമകരമാണ്. യാത്രക്കാർ വെള്ളവും ഭക്ഷണവും വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനവും കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു. ഗതാഗത നീക്കം സുഗമമാക്കുന്നതിനായി പൊലീസും എൻഡിആർഎഫും ശ്രമം തുടരുകയാണ്.

അവധി ദിനങ്ങളായതിനാൽ ശനിയാഴ്ച വൈകിട്ടു മുതൽ ചുരത്തിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇന്നലെ രാവിലെയോടെ ചുരത്തിൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയായി. താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഏറെ പണിപ്പെട്ടാണു ഗതാഗതം നിയന്ത്രിച്ചിരുന്നത്. ഇതിനിടയിലാണ് വൈകിട്ടു മൂന്നോടെ 8–ാം വളവിൽ ചരക്കു ലോറി കുടുങ്ങിയത്. ഇതോടെ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും മുടങ്ങി.

ചുരത്തിനു മുകളിൽ വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴ വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. അടിവാരത്തുനിന്നു ക്രെയിൻ എത്തിച്ച് രാത്രി വൈകിയാണു ലോറി സ്ഥലത്തുനിന്നു നീക്കിയത്. ഈ സമയം വരെയും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ കുടിവെള്ളം പോലും ലഭിക്കാതെ ചുരത്തിൽ കുടുങ്ങി. സമീപകാലത്തായി ചുരത്തിലുണ്ടായ ഏറ്റവും വലിയ ഗതാഗതക്കുരുക്കാണ് ഇന്നലത്തേത്.