ഇരിങ്ങാലക്കുടയിൽ ഇരുചക്ര വാഹനം റോ‍ഡിലെ കുഴിയിൽ വീണ് അപകടം; യുവാവിന് ദാരുണാന്ത്യം

Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. പുല്ലൂർ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്റെ മകൻ ബിജോയ് (45) ആണ് മരിച്ചത്.

ലോറി ഓണേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ എക്സിക്യൂട്ടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറിയുമായിരുന്നു ബിജോയ്. ഇന്നു പുലർച്ചെ മൂന്നു മണിയോടെ ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്കു മടങ്ങിവരവേ മാർക്കറ്റ് റോഡിൽ സോപ്പ് കമ്പനിക്കു സമീപമാണ് അപകടമുണ്ടായത്. റോഡിലെ കുഴിയിൽ വീണ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

പുറകിൽ വന്നിരുന്ന കാർ യാത്രികർ ഉടൻ തന്നെ ബിജോയിയെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം പോസ്റ്റ്‍മോർട്ടം നടപടികൾക്കായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടക്കും. മക്കൾ: വിഘ്നേഷ്, വൈഷ്ണവ്.