ശ്രുതിലയ നൃത്ത വിദ്യാലയത്തിന്റെ മുപ്പതാം വാർഷികാഘോഷങ്ങൾ എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും

Advertisement

ചവറ: ശ്രുതിലയ നൃത്തവിദ്യാലയത്തിന്റെ മുപ്പതാം വാർഷികാഘോഷങ്ങൾ പാർലമെന്റം​ഗം എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിജയദശമി ദിവസമായ നാളെ ചവറ കൊറ്റംകുളങ്ങര ക്ഷേത്രസന്നിധിയിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

അണ്ണാമലൈ സർവകലാശാല ഭരതനാട്യം പ്രൊഫസർ ആയിരുന്ന നടനമാമണി ചിംദംബരം കൃഷ്ണരാജു മുഖ്യാതിഥിയാകും. അദ്ദേഹത്തെ ചടങ്ങിൽ സ്ഥലം എംഎൽഎ ഡോ.സുജിത്ത് വിജയൻ പിള്ള ​ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കും. കലാമണ്ഡലം അനന്തകൃഷ്ണന് യുവപ്രതിഭാ പുരസ്കാരവും സമ്മാനിക്കും.

തിരക്കഥാ കൃത്ത് ശ്രീകുമാർ അറയ്ക്കൽ, കാഥികനും ചിത്രകാരനും സാഹിത്യകാരനുമായ ചവറ തുളസി, സംസ്ഥാന കലോത്സവ വിജയി ആർഷ അജിത്ത് എന്നിവരെയും ചടങ്ങിൽ ആദരിക്കും.

സന്തോഷ് തുപ്പാശ്ശേരി, ചവറ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജെ ആർ സുരേഷ്കുമാർ, ചവറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയലക്ഷ്മി, പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, വാർഡ് അം​ഗം അംബികാദേവി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ അരവിന്ദാക്ഷൻ പിള്ള, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ബി മോഹനൻ പിള്ള, ഖജാൻജി കെ ജയകൃഷ്ണപിള്ള, കരയോ​ഗം പ്രസിഡന്റ് ശിവശങ്കരപിള്ള, ശശിധരൻ പിള്ള, വേണുകുമാർ, രാമചന്ദ്രൻ പിള്ള സജിമോഹൻ തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് ശ്രുതിലയിലെ ഭരതനാട്യ, കുച്ചിപ്പുഡി വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നൃത്ത സന്ധ്യയും അരങ്ങേറും. രാത്രി എട്ട് മണിക്ക് യുവനാട്യാചാര്യൻ ആറ്റൂർ ജിഷ്ണുചന്ദ്രൻ സംവധാനം നിർവഹിച്ച ശ്രുതിലയയുടെ ഏറ്റവും പുതിയ നൃത്താവിഷ്ക്കാരമായ ദ്രൗപതി ശപഥത്തിന്റെ ആദ്യാവതരണവും നടക്കും. പരിപാടിയുടെ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രുതിലയയുടെ ഡയറക്ടർ കൂടിയായ നർത്തകി ശ്രുതി വി പിള്ളയാണ്.