ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം ആറാട്ടോടെ സമാപിച്ചു

Advertisement

തിരുവനന്തപുരം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം ആറാട്ടോടെ സമാപിച്ചു. ഭക്തിസാന്ദ്രമായ ആറാട്ട് ഘോഷയാത്ര കാണാൻ മഴയത്തും ആയിരങ്ങളെത്തി. ആറാട്ടുത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിലെ റൺ വേ അഞ്ച് മണിക്കൂർ അടച്ചിട്ടു.

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ അൽപ്പശി ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട കഴിഞ്ഞ ദിവസം നടന്നിരുന്നു.തുലാം മാസത്തിലെ തിരുവോണമായ ഇന്നലെ ആറാട്ട് കഴിഞ്ഞതോടെ അൽപ്പശി ഉത്സവത്തിന് കൊടിയിറങ്ങി. ഇതോടെ തിരുവിതാംകൂറിന്റെ ഉത്സവങ്ങൾക്ക് തുടക്കമായി.

വൈകിട്ട് 5 മണിയോടെ പടിഞ്ഞാറേ നടയിലൂടെ ഘോഷയാത്ര ശംഖുമുഖത്തേക്ക് തിരിച്ചു. കനത്ത മഴയെ അവഗണിച്ചും പത്മനാഭ സ്തുതികളുമായി ആയിരങ്ങൾ ഇരു വശത്തും.. ഭക്തരുടെ ഉപചാരമേറ്റുവാങ്ങി ശ്രീ പദ്മനാഭ സ്വാമിയും നരസിംഹമൂർത്തിയും തിരുവമ്പാടി ശ്രീക്യഷ്ണനും ആറാട്ടുകടവിലേക്ക്.. അകമ്പടി സേവിക്കാൻ തിരുവിതാംകൂർ രാജകുടുംബത്തിലെ കാരണവർ. ഒപ്പം അലങ്കരിച്ച ആനകൾ, കുതിരകൾ, പോലീസ് വിഭാഗങ്ങൾ എന്നിവർ.

ഉത്സവത്തിനായി രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ ഇന്നലെ അഞ്ച് മണിക്കൂർ അടച്ചിട്ടു . വിമാനത്താവളത്തിനകത്തു കൂടി ഘോഷയാത്ര ശംഖുമുഖം തീരത്തേക്ക്. മൂന്നു തവണ കടലിൽ ആറാടിയ ശേഷം പൂജാ ചടങ്ങുകളും കഴിഞ്ഞ് ഘോഷയാത്ര തിരികെ ക്ഷേത്രത്തിലെത്തിയതോടെ അൽപ്പശി ഉത്സവത്തിന് കൊടിയിറങ്ങി.

Advertisement