തൃശ്ശൂര്‍. ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ആന്തരിക അവയവങ്ങൾക്കുണ്ടായ രക്തസാവത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക വിവരം. ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി കാക്കനാട് ലാബിലേക്ക് അയച്ചു. പുല്ലൂർ മഠത്തിക്കര സ്വദേശി ബിജോയിയുടെ ബൈക്ക് അപകടത്തിൽ പെട്ടില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭയുടെ വാദം പൊളിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സജീവിന്റെ വാദം പൊളിക്കുന്നതാണ് പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ. ആന്തരിക അവയവങ്ങൾക്കുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് ബിജോയ് മരണപ്പെട്ടത്. റോഡിലെ കുഴിയിൽ വീണ് ആന്തരിക അവയവങ്ങൾക്ക് ക്ഷതമാണ് മരണത്തിലേക്ക് വഴിതെളിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇതിൻറെ പശ്ചാത്തലത്തിലാണ് വിശദമായ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ കാക്കനാട് ലാബിലേക്ക് അയച്ചത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങി വരവേ ആയിരുന്നു അപകടം. ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിൽ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞാണു ബിജോയ്ക്ക് പരുക്കേറ്റത്. പുറകിൽ വന്നിരുന്ന കാർ യാത്രികർ ഉടൻ തന്നെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. നേരത്തെയും അപകടങ്ങൾ ഉണ്ടായ പ്രദേശത്ത് കുഴി രൂപപ്പെട്ടപ്പോൾ തന്നെ പരാതിപ്പെട്ടതാണെന്നും നടപടി ഉണ്ടാകാഞ്ഞതാണ് മരണത്തിലേക്ക് വഴിതെളിച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം.