ജനക്കൂട്ടം നിയന്ത്രണാതീതമായി; ലിയോ പ്രൊമോഷന് കേരളത്തിലെത്തിയ ലോകേഷിന് കാലിന് പരുക്കേറ്റു

Advertisement

പാലക്കാട്:
തീയറ്ററിൽ വൻ ആവേശമായി പ്രദർശനം തുടരുന്ന ലിയോ പ്രൊമോഷന് കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരുക്ക്. കാലിന് പരുക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിലെ മറ്റ് പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പാലക്കാട് അരോമ തീയറ്ററിൽ വെച്ചാണ് ലോകേഷിന് പരുക്കേറ്റത്.

ഇന്ന് രാവിലെയാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ലോകേഷ് കനകരാജ് കേരളത്തിലെത്തിയത്. നൂറുകണക്കിന് ആളുകളാണ് തീയറ്റർ പരിസരത്ത് ലോകേഷിനെ കാണാനായി തടിച്ചുകൂടിയത്. തിരക്കിൽപ്പെട്ടാണ് ലോകേഷിന് പരുക്കേറ്റത്. നിയന്ത്രണങ്ങൾ അതിര് വിട്ടതോടെ പോലീസ് ലാത്തി വീശുകയും ചെയ്തു. തൃശ്ശൂർ രാഗം തീയറ്ററിലും കൊച്ചി കവിത തീയറ്ററിലും നടത്താനിരുന്ന സന്ദർശനം ഇതോടെ റദ്ദാക്കി. കൊച്ചിയിൽ നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസം നടത്തുമെന്ന് ലോകേഷ് അറിയിച്ചു.