പോത്തന്‍കോട്. ശാന്തിഗിരി ആശ്രമത്തിലെ മുപ്പത്തിയൊന്‍പതാമത് സന്ന്യാസദീക്ഷ വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനിയില്‍ നിന്നും ഇരുപത്തിരണ്ട് ബ്രഹ്‌മചാരിണികള്‍ ദീക്ഷ സ്വീകരിച്ചു. രാവിലെ 5 മണിയുടെ ആരാധനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പ്രാര്‍ത്ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ സഹകരണമന്ദിരത്തില്‍ രാവിലെ ഒന്‍പതിന് ദീക്ഷ ചടങ്ങുകള്‍ ആരംഭിച്ചു.
ബ്രഹ്‌മചാരിണിമാരില്‍ ഓരോരുത്തരായി ശിഷ്യപൂജിതയ്ക്ക് മുന്നില്‍ താമരപ്പൂക്കളും തെളിയിച്ച വെള്ളിവിളക്കും നവധാന്യങ്ങളുമടങ്ങിയ തട്ടം സമര്‍പ്പിച്ച് ഗുരുപാദവന്ദനം നടത്തി. പ്രത്യേകം സജ്ജീകരിച്ച പീഠത്തില്‍ ഗുരുസങ്കല്‍പ്പത്തോടെ ഹാരം ചാര്‍ത്തി ആരാധന നടത്തിയതിനുശേഷം ഓരോരുത്തരും ശിഷ്യപൂജിതയില്‍ നിന്നും വസ്ത്രവും പുതിയനാമവും സ്വീകരിച്ചു. ശുഭ്രവസ്ത്രധാരികളായ ബ്രഹ്‌മചാരിണിമാര്‍ ദീക്ഷ സ്വീകരിച്ച ശേഷം പീതവസ്ത്രധാരികളായി മാറി. ഗുരുകല്പനപ്രകാരം പുതിയ അംഗങ്ങളുടെ ദീക്ഷാനാമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി വിളംബരം ചെയ്തു.
കര്‍ണ്ണാടക എസ്.ഡി.എം കോളേജില്‍ പഞ്ചകര്‍മ്മ വിഭാഗത്തില്‍ പി.എച്ച്.ഡി ഗവേഷകയായ ഡോ. റോസി നന്ദി- ജനനി ഗുരുപ്രീതി , ഡല്‍ഹിയിലെ ജെ.എന്‍.യു വില്‍ സെക്ഷന്‍ ഓഫീസറായ ശാലിനി പ്രുതി- ജനനി ശാലിനി, ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റും അക്‌സ എക്‌സ് എല്‍ ഇന്ത്യ കമ്പനിയുടെ മുന്‍ മാനേജറും നിലവില്‍ ആശ്രമത്തിന്റെ ഫിനാന്‍സ് കണ്‍ട്രോളറുമായ ഗുരുചന്ദ്രിക.വി- ജനനി ഗുരുചന്ദ്രിക, അമേരിക്കന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ സോഫ്റ്റ്-വെയര്‍ കമ്പനിയില്‍ ഡയറക്ടറായ വന്ദിത സിദ്ധാര്‍ത്ഥന്‍- ജനനി ശ്രീവന്ദിത, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ബി.എഡ് വിദ്യാര്‍ത്ഥിനി വന്ദിത ബാബു- ജനനി വന്ദിത, സിദ്ധ മെഡിക്കല്‍ ഓഫീസര്‍ ഡോ.നീതു.പി.സി- ജനനി ഊര്‍മ്മിള, 25 വര്‍ഷത്തെ ബ്രഹ്‌മചര്യം പൂര്‍ത്തിയാക്കിയ വത്സല.കെ.വി- ജനനി ധര്‍മ്മവല്ലി, മൈക്രോബയോളജിസ്റ്റ് ജയപ്രിയ.പി.വി- ജനനി ജയപ്രിയ, ബികോം ബിരുദദാരിയും ആശ്രമം ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയുമായ ലിംഷ.കെ- ജനനി ഗുരുസ്തുതി, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ്സില്‍ എംകോം ഗ്ലോബല്‍ ബിസിനസ്സ് ഓപ്പറേഷന്‍സില്‍ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന സുകൃത.എ- ജനനി സുകൃത, ശാന്തിഗിരി മുദ്രണാലയത്തില്‍ സേവനം ചെയ്യുന്ന പ്രസന്ന. വി-ജനനി സ്‌നേഹജ, ബോട്ടണിയില്‍ ബിരുദാനന്തര ബിരുദം നേടിയ കൃഷ്ണപ്രിയ.എ.എസ്- ജനനി ഗൗതമി, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ ബി.എഡ് വിദ്യാര്‍ത്ഥിനി കരുണ.എസ്.എസ്- ജനനി കരുണശ്രീ, ഖാദിബോര്‍ഡിലെ ജോലി ഉപേക്ഷിച്ച് ആശ്രമം അന്തേവാസിയായ ആനന്ദവല്ലി.ബി.എം- ജനനി ആനന്ദവല്ലി, ഇടുക്കി സ്വദേശിനി സ്വയം പ്രഭ. ബി.എസ്- ജനനി സ്വയംപ്രഭ, സിദ്ധ മെഡിസിന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി കരുണ.പി.കെ- ജനനി കരുണദീപ്തി, വയനാട് സ്വദേശിനി മംഗളവല്ലി.സി.ബി-ജനനി മംഗളവല്ലി, ഇടുക്കി വെളളത്തൂവല്‍ സ്വദേശിനി പ്രിയംവദ. ആര്‍.എസ്- ജനനി പ്രിയംവദ, ആലപ്പുഴ സ്വദേശിനി ഷൈബി.എ.എന്‍- ജനനി അംബുജ, എറണാകുളം സ്വദേശിനി സജിത.പി.എസ്- ജനനി പുഷ്പിത, വര്‍ക്കല സ്വദേശിനി അനിത.എസ്- ജനനി അനിത, ചേര്‍ത്തല സ്വദേശിനി രജനി. ആര്‍.എസ് – ജനനി ആത്മജ എന്നീ പേരുകളിലാകും ഇനി അറിയപ്പെടുക. പേരിനോടൊപ്പം ‘ജ്ഞാന തപസ്വിനി’ എന്നും ചേര്‍ക്കപ്പെടും. ദീക്ഷ സ്വീകരിച്ചവരില്‍ നാലു പേര്‍ കേരളത്തിന് പുറത്തുനിന്നുള്ളവരാണ്.
പുതുതായി 22 പേര്‍ കൂടി ചേര്‍ന്നതോടേ 104 പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസസംഘം 126 അംഗങ്ങളായി. ഉച്ചയ്ക്ക് 12 മണിയുടെ ആരാധനയ്ക്ക് ശേഷം താമരപ്പര്‍ണ്ണശാലയില്‍ സന്ന്യാസസംഘത്തിന്റെയും രക്ഷകര്‍ത്തൃസമിതിയുടേയും വിവിധ സമര്‍പ്പണങ്ങള്‍ നടന്നു. ഉച്ചയ്ക്ക് 1 മണിക്ക് നടന്ന അനുമോദനസമ്മേളനത്തില്‍ ആശ്രമത്തിന്റെ ആദ്യകാല വനിതപ്രവര്‍ത്തകരെ ആദരിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിന് ഗുരുഭക്തരും ആത്മീയ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങുകളില്‍ സംബന്ധിച്ചു. വൈകുന്നേരം 6 ന് ആരാധനയ്ക്ക് ശേഷം പുഷ്പസമര്‍പ്പണവും തുടര്‍ന്ന് ദീപപ്രദക്ഷിണവും നടന്നു. ഇതോടെ കഴിഞ്ഞ പത്തുദിവസമായി നടന്നുവന്ന പ്രത്യേക പ്രാത്ഥനാചടങ്ങുകള്‍ക്ക് സമാപനമായി