സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ അസംതൃപ്തി പ്രകടമാക്കി ആര്‍എസ്പി, സ്വന്തം നിലയിൽ പ്രതിഷേധം നടത്തും

Advertisement

തിരുവനന്തപുരം : സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ അസംതൃപ്തി പ്രകടമാക്കി ആര്‍എസ്പി. പ്രതിപക്ഷ പ്രവര്‍ത്തനം പ്രസ്താവനകളില്‍ ഒതുങ്ങരുതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിണറായിയുടെ ഭരണത്തില്‍ ജനം മടുത്തിരിക്കുകയാണ്. യുഡിഎഫ് ഇത് ഗൗരവമായി ഏറ്റെടുക്കണം. അഴിമതിക്ക് പുതിയ വഴി വെട്ടിത്തുറന്നിരിക്കുകയാണ് മുഖ്യമന്ത്രി. കേരളീയര്‍ മണ്ടന്മാരാണെന്ന ധാരണയാണ് പിണറായിക്കെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.

സര്‍ക്കാരിനെതിരെ ഇത്രയേറെ വിഷയങ്ങള്‍ ഉയര്‍ന്നുവന്നിട്ടും ഫലപ്രദമായ രീതിയില്‍ അവ ഏറ്റെടുക്കാനായില്ലെന്ന ആത്മവിമര്‍ശനമാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിലുള്ളത്. പൊതുജനം പിണറായി സര്‍ക്കാരിനെക്കൊണ്ട് വലഞ്ഞിരിക്കുകയാണെന്നും, ജനകീയ വിഷയങ്ങളുടെ മുന്‍പന്തിയില്‍ നിന്ന്, അവര്‍ക്ക് വേണ്ടി പോരാടുന്ന നിലയിലേക്ക് യുഡിഎഫ് ഉയരണമെന്നും ആര്‍എസ്പി ആവശ്യമുയര്‍ത്തുന്നു.

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ കേരളീയം പരിപാടിക്കെതിരെ ആര്‍എസ്പി സ്വന്തം നിലയ്ക്ക് രാപ്പകല്‍ സമരം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ കേരളീയം പരിപാടിക്കെതിരെ ഈമാസം 31 ന് വൈകീട്ട് നാലുമുതല്‍ പിറ്റേന്ന് 12 മണിവരെയാണ് ആര്‍എസ്പി സെക്രട്ടരിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്നത്.