കൊച്ചി: വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതി മധു എന്ന കുട്ടി മധു(32)വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ബിനാനി സിങ് ഫാക്ടറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിപ്പോയ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസിലെ നാലാം പ്രതിയായിരുന്നു മധു. 13 ഉം ഒമ്പതും വയസുള്ള രണ്ട് പെണ്‍കുട്ടികളെ 52 ദിവസങ്ങളുടെ ഇടവേളയില്‍ ഒറ്റമുറി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ മരണത്തിന് മുമ്പ് ഇവര്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
2017 ജനുവരി 13 ന് 13 വയസുള്ള മൂത്ത സഹോദരിയെ ഒന്‍പത് വയസുള്ള ഇളയ സഹോദരി ഒറ്റമുറി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുഖം മറച്ചുകൊണ്ട് രണ്ടുപേര്‍ അന്ന് വീട്ടില്‍ നിന്ന് ഇറങ്ങുന്നത് താന്‍ കണ്ടതായി ഇളയ സഹോദരി പിന്നീട് പോലീസിനോട് പറഞ്ഞിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന് നിര്‍മാണത്തൊഴിലാളികളായ മാതാപിതാക്കള്‍ ആരോപിച്ചിട്ടും അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. രണ്ടുമാസത്തിനുശേഷം, മാര്‍ച്ച് നാലിന് ഇളയ സഹോദരിയെയും, ഇതേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കേസില്‍ 2017 ജൂണ്‍ 22നു ഒന്നാം പ്രതി വി മധു, രണ്ടാം പ്രതി രാജാക്കാട് സ്വദേശിയായ ഷിബു, മൂന്നാം പ്രതി ചേര്‍ത്തല സ്വദേശിയായ പ്രദീപ്, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവരെ ചേര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഒന്നും നാലും പ്രതികള്‍ കൊല്ലപെട്ട കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കള്‍ ആണ്.