ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിച്ച യുവാവിന്റെ മരണം; ‘അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായി’; മെഡിക്കൽ ബുള്ളറ്റിൻ

Advertisement

കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധന റിപ്പോർട്ട് വന്നാൽ മാത്രമെ മരണകാരണം ഭക്ഷ്യ വിഷബാധയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു എന്ന് ഡോക്ടർമാർ. അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായിരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്ടർമാർ വ്യക്തമാക്കി.

ആശുപത്രിയിലെത്തിച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചു. ശനിയാഴ്ച മുതൽ രാഹുൽ വെന്റിലേറ്ററിലായിരുന്നു എന്നും മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്ടർമാർ പറഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞ് 2.55 നാണ് രാഹുലിന്റെ മരണം സ്ഥിരീകരിച്ചത്. ഷവർമ കഴിച്ചതിന് പിന്നാലെയാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം സ്വദേശിയാണ് മരിച്ച രാഹുൽ ഡി നായർ. രാഹുലിന്റെ പോസ്റ്റ്മോർട്ടം നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും.

ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിയ ഷവർമ കഴിച്ചതിനു പിന്നാലെയാണ് രാഹുലിൻറെ ആരോഗ്യസ്ഥിതി മോശമായത്. 24 കാരനായ രാഹുൽ കാക്കനാട്ടെ സെസിലെ ജീവനക്കാരനായിരുന്നു. ഗുരുതരാവസ്ഥിയിൽ കഴിഞ്ഞ ശനിയാഴ്ച്ചയാണ് രാഹുൽ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അന്നുമുതൽ വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മരണം സംഭവിച്ചു. സെപ്റ്റിക് ഷോക്ക് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടർമാർ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് രാഹുൽ കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും പാർസലായി വാങ്ങി മുറിയിൽ വച്ച് കഴിച്ചത്. പിന്നാലെ ചർദ്ദിയും വയറിളക്കവും അനുഭവപെട്ടെങ്കിലും പ്രാഥമിക ചികിത്സ മാത്രമാണ് തേടിയത്. പരാതിയെ തുടർന്ന് ആരോഗ്യ വിഭാഗം ഹോട്ടൽ പരിശോധിക്കുകയും താത്ക്കാലത്തേക്ക് അടച്ചിടാൻ നിർദ്ദേശിക്കുകയും ചെയ്തു. ഭക്ഷ്യ വിഷബാധയാണോയെന്ന് വ്യക്തത വരുത്തുന്നതിന് രാഹുലിൻറെ രക്തം പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഫലം കാത്തിരിക്കുന്നതിനിടയിലായിരുന്നു അന്ത്യം. രക്ത പരിശോധന ഫലമോ പോസ്റ്റുമോർട്ടം റിപ്പോർട്ടോ വന്നെങ്കിൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ. പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയിൽ ലേ ഹയാത്ത് ഹോട്ടലിന് പൊലീസ് കാവൽ ഏർപെടുത്തിയിരിക്കുകയാണ്.