പുനലൂർ: കനത്ത മഴയിൽ മണ്ണിടിച്ചിൽ മൂലം ട്രെയിൻ ഗതാഗതം തടസപ്പെട്ടപ്പോൾ രക്ഷാപ്രവർത്തനം നടത്തി ട്രെയിൻ ദുരന്തം ഒഴിവാക്കിയ നാലംഗ കുടുംബത്തിന് ആദരം. ശക്തമായ മണ്ണിടിച്ചിൽ ഭീഷണി നിൽക്കുന്ന സ്ഥലത്ത് സ്വന്തം ജീവൻ പണയം വച്ച് ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ നടത്തിയ പരിശ്രമമാണ് ഇവർക്ക് ആദരം നേടിക്കൊടുത്തത്.
ഉറുകുന്ന് ഐഷാ പാലത്തിന് സമീപം വീട്ടമ്മയായ ആശയ്ക്കും കുടുബത്തിനുമാണ് പുനലൂർ റെയിൽവേ പൊലീസും കൊല്ലം- ചെങ്കോട്ട പാസഞ്ചേഴ്സ് അസോസിയേഷനും ആദരമൊരുക്കിയത്. കഴിഞ്ഞ 14 ന് വൈകിട്ടാണ് കനത്ത മഴയിൽ കൊല്ലം – ചെങ്കോട്ട പാതയിൽ ഒറ്റക്കല്ലിനും ഇടമണിനും മധ്യേ വനത്തിലുള്ള ഐഷാ പാലത്തിന് സമീപം റെയിൽവേ ട്രാക്കിലേക്ക് കൂറ്റൻ പാറയും മണ്ണും ഇടിഞ്ഞ് വീണത്.
മധുര – ഗുരുവായൂർ എക്സ്പ്രസ് കടന്നു വരുന്നതിന് തൊട്ടു മുൻപാണ് അപകടം. ഉഗ്ര ശബ്ദം കേട്ടതോടെ സമീപവാസിയായ ആശ പുറത്ത് ഇറങ്ങി നോക്കുമ്പോൾ പാളത്തിലേക്ക് മണ്ണും പാറയും നിറഞ്ഞു കിടക്കുന്നു. കോരിച്ചൊരിയുന്ന മഴയിൽ രണ്ടും കൽപ്പിച്ച് ആശയും ഭർത്താവ് ദേവദത്തനും മക്കളായ ആദിത്യ കൃഷ്ണ, അക്ഷയ കൃഷ്ണ എന്നിവരെ കൂട്ടി മണ്ണിടിഞ്ഞ ഭാഗത്തെത്തി. ട്രെയിൻ വരുന്നത് മുന്നിൽ കണ്ട് പാളത്തിലെ മണ്ണും കല്ലും നീക്കി തുടങ്ങിയതോടെ മറ്റു പരിസരവാസികളും രക്ഷാപ്രവർത്തനത്തിനെത്തി. പാളത്തിലെ മണ്ണ് പൂർണമായും മാറ്റുന്നതിന് മുൻപ് തന്നെ ട്രെയിൻ എത്തി. വളരെ അകലെ നിന്ന് ലോക്കോ പൈലറ്റ് ദുരന്തം ദൃശ്യമായതോടെ ട്രെയിൻ വേഗത കുറച്ച് മണ്ണിടിഞ്ഞ് വീണതിന്റെ കുറെ അകലെ ട്രെയിൻ നിർത്താനായി. പിന്നീട് കുടുതൽ ആളുകളും റെയിൽവേ ജീവനക്കാരും എത്തി മണ്ണും കല്ലും പൂർണമായും നീക്കി. മുക്കാൽ മണിക്കൂറിന് ശേഷം ട്രെയിൻ കടന്നുപോകാൻ ഇവർ പാളം സജ്ജമാക്കി.
പുനലൂർ റെയിൽവേ പൊലീസ് എസ്എച്ച്ഒ അനിൽകുമാർ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.ചന്ദ്രമോഹൻ എന്നിവർ ആശയേയും കുടുംബാംഗങ്ങളെയും പൊന്നാട അണിയിച്ച് പ്രശംസ പത്രവും കൈമാറി. റെയിൽവേ സ്റ്റേഷൻ മാനേജർ റിയാസ്, റെയിൽവേ പൊലീസ് എസ്എച്ച്ഒ അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ പ്രദീപ്, അസോസിയേഷൻ പ്രസിഡന്റ് എൻ.ചന്ദ്രമോഹൻ, അഭിലാഷ്, രാജഗോപാൽ, സതീഷ്, ബിജു, ദീപു രവി തുടങ്ങിയവർ പ്രസംഗിച്ചു.