ആശുപത്രിയിൽ പോയപ്പോൾ രണ്ടര പവൻറെ സ്വർണ വള കളഞ്ഞുകിട്ടി; ആരിഫയെ കണ്ടെത്തി തിരികെ നൽകി തിലകൻ

Advertisement

അമ്പലപ്പുഴ: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗൃഹനാഥൻ. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ ഷൈനി നിവാസിൽ തിലകനാണ് രണ്ടര പവൻറെ സ്വർണ വള ഉടമയ്ക്ക് തിരികെ നൽകിയത്.

സഹകരണ ആശുപത്രിയിൽ ഭാര്യ ഇന്ദിരയുടെ ചികിത്സയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് വള വീണു കിടക്കുന്നത് കണ്ടത്. ആശുപത്രിയിൽ അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടിലെത്തിയ തിലകൻ സമീപവാസിയായ ശാന്താറാമിനോട് സംഭവം പറഞ്ഞു. ഇരുവരും ചേർന്ന് ആഭരണം പുന്നപ്ര സ്റ്റേഷനിലെത്തിച്ചു.

അതിനിടെ ആഭരണം നഷ്ടപ്പെട്ട പുറക്കാട് സ്വദേശിനി ആരിഫയും മകൻ ഷാനവാസും ആശുപത്രിയിലെത്തി അന്വേഷിച്ചിരുന്നു. ആശുപത്രി അധികൃതർ‌ തിലകന്റെ ഫോൺ നമ്പർ നൽകി. ആഭരണം പൊലീസ് സ്റ്റേഷനിലുണ്ടെന്ന് അറിഞ്ഞു. തുടർന്ന് തിലകനും ശാന്താറാമും സ്റ്റേഷനിലെത്തി ആരിഫയ്ക്ക് ആഭരണം കൈമാറി. എസ് ഐ മാരായ സിദ്ദീഖ്, റിയാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് വള കൈമാറിയത്. കയ്യുടെ എക്സ്റേ എടുക്കുന്നതിന് മുമ്പ് വള അഴിച്ച് ബാഗിലിട്ടപ്പോൾ നിലത്തു വീണതാകാമെന്ന് ആരിഫ പറഞ്ഞു.

അജൈവ മാലിന്യം തരം തിരിക്കുന്നതിനിടെ കണ്ടെത്തിയ സ്വർണ മോതിരം ഉടമയ്ക്ക് തിരികെ നൽകി വെങ്ങാനൂർ വാർഡിലെ ഹരിത കർമസേന അംഗങ്ങൾ മാതൃകയായ സംഭവം നേരത്തെ പുറത്തുവന്നിരുന്നു. വെങ്ങാനൂർ സഹകരണ ബാങ്ക് പ്രസിഡൻറ് വേണുഗോപാലൻ നായർക്കാണ്, ആറ് മാസം മുമ്പ് നഷ്ടപ്പെട്ടെന്ന് കരുതിയ ഒന്നേകാൽ പവന്റെ സ്വർണ മോതിരം തിരികെ ലഭിച്ചത്. ഹരിത കർമസേന അംഗങ്ങളായ ശാലിനിയും സരിതയുമാണ് മാതൃകാപരമായി പ്രവർത്തിച്ചത്.

വീട്ടിൽ മാലിന്യം കുറഞ്ഞ അളവിലേ ഉള്ളൂ എന്നതിനാൽ കഴിഞ്ഞ ഏതാനും മാസത്തെ അജൈവ മാലിന്യം ചാക്കിലാക്കി സൂക്ഷിച്ചിരുന്നു. ഇത് ശേഖരിക്കാനെത്തിയ ഹരിത കർമസേന അംഗങ്ങൾ അജൈവ മാലിന്യം തരം തിരിക്കുന്നതിനിടെയാണ് മോതിരം ലഭിച്ചത്. ഉടൻ തന്നെ വിവരം വാർഡ് കൗൺസിലറെ അറിയിച്ചു. തുടർന്ന് കൗൺസിലർ എത്തി വേണുഗോപാലൻ നായരെ മോതിരം തിരിച്ചു കിട്ടിയ കാര്യം അറിയിക്കുകയായിരുന്നു.

Advertisement