മദ്യപിച്ച് മക്കൾക്കും ഭാര്യക്കുമൊപ്പം കുളത്തിൽ നീന്താനിറങ്ങി, വിലക്കിയപ്പോൾ ചീത്തവിളി; യുവാവിനെതിരെ കേസ്

Advertisement

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് മദ്യപിച്ച് ലക്കുകെട്ട് നീന്തൽ കുളത്തിൽ ഭാര്യക്കും മക്കൾക്കും ഒപ്പം നീന്താനിറങ്ങിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം. ചങ്ങരംകുളം പൊലീസ് ആണ് കേസെടുത്തത്. സ്വകാര്യ സ്ഥാപനത്തിലെ മാനേജറായ യുവതിയും ഭർത്താവും രണ്ട് മക്കളും ചേർന്നാണ് ചിറകുളത്തിൽ നീന്താൻ ഇറങ്ങിയത്.

മദ്യപിച്ച് ലക്കുകെട്ട യുവാവ് കുളത്തിൽ കുട്ടികൾക്കൊപ്പം ഇറങ്ങുന്നത് ശ്രദ്ധയിൽപെട്ട പ്രദേശത്തെ യുവാക്കൾ അപകട സാധ്യത ബോധ്യപ്പെടുത്തി കുളത്തിൽ നിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പ്രദേശവാസികളെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയുമായിരുന്നു. നേരം ഇരുട്ടിയിട്ടും കുളത്തിൽ നിന്ന് കയറാതെ നാട്ടുകാർക്ക് നേരെ ഇയാൾ അസഭ്യ വർഷം തുടർന്നു. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.

തുടർന്ന് ചങ്ങരംകുളം എസ്.ഐ ബാബു ജോർജിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇയാളോട് കുളത്തിൽ നിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസിനോടും ഇയാൾ തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു. പലതവണ കുളത്തിൽനിന്ന് കയറിപ്പോവാൻ ആവശ്യപ്പെട്ടിട്ടും യുവാവ് അസഭ്യം പറയുന്നത് തുടർന്നു. പിന്നീട് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയിട്ടും ഇയാൾ പൊലീസിനെ വെല്ലുവിളിക്കുന്നത് തുടർന്നു. കേസെടുത്തതിന് ശേഷം ജാമ്യത്തിൽ വിട്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.

Advertisement