കൊച്ചി.തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ കേസെടുക്കണം എന്ന് പരാതി.നടൻ വിനായകനെ എംഎൽഎ ജാതീയമായി ആക്ഷേപിച്ചു എന്നാണ് പരാതി. പൊതുപ്രവർത്തകനായ കെ ടി ഗ്ലിറ്ററാണ് നോർത്ത് സ്റ്റേഷനിൽ പരാതി നൽകിയത്.അതേസമയം വിനായകൻ വിഷയത്തിൽ തെറ്റോ ശരിയോ എന്നുള്ളത് പോലീസുകാരുടെ അധിപനായ പിണറായി വിജയൻ തീരുമാനിക്കട്ടെ എന്ന് ഉമാ തോമസ് പറഞ്ഞു
നടൻ വിനായകൻ ലഹരി ഉപയോഗിച്ച ശേഷം പോലീസ് സ്റ്റേഷനിൽ എത്തി പോലീസുകാരെ അധിക്ഷേപിച്ച സംഭവത്തിലാണ് തുടർച്ചയായ രണ്ടാം ദിവസവും ഉമാ തോമസ് എംഎല്‍എ നിലപാട് തുറന്നു പറഞ്ഞത്. വിനായകൻ വിഷയത്തിൽ തെറ്റും ശരിയും പോലീസുകാരുടെ അധിപനായ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടെ എന്നായിരുന്നു ഉമാ തോമസ് പറഞ്ഞത്. പലർക്കും പല രീതിയിലുള്ള നീതിയാണ് ഇവിടെ ലഭിക്കുന്നത് എന്നും ഉമാ തോമസ് കുറ്റപ്പെടുത്തി.തനിക്കെതിരെ മുൻപും സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ട് പരാതി നൽകിയപ്പോൾ ഒരു നടപടി പോലും ഉണ്ടായില്ല എന്നും എംഎൽഎ പറഞ്ഞു.
അതേസമയം വിനായകന് പോലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും വ്യക്തമാക്കി.പോലീസ് സ്റ്റേഷനിൽ എല്ലാവരും മാന്യമായി പെരുമാറണമെന്നും ഇ പി പറഞ്ഞു. അതിനിടെ നടൻ വിനായകനെ ഉമ തോമസ് ജാതീയമായി അധിക്ഷേപിച്ചു എന്ന് കാട്ടി എറണാകുളം നോർത്ത് സ്റ്റേഷനിൽ പരാതിയും ലഭിച്ചു. ചെയ്യുന്നമംഗലം പഞ്ചായത്ത് മെമ്പറും പൊതുപ്രവർത്തകനുമായ കെറ്റി ഗ്ലിറ്ററാണ് പരാതി നൽകിയത്.
വിനായകൻ വിഷയത്തിൽ ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയയിൽ ഇന്നും വാദപ്രതിവാദങ്ങൾ തുടരുകയാണ്.