ഗാന്ധി, നെഹ്റു, വാജ്പേയി വരെ പലസ്തീനൊപ്പം; ഇസ്രായേൽ വലിയ ഭീകര രാജ്യം, സ്വതന്ത്ര പലസ്തീൻ വേണമെന്നും ലീഗ് റാലി

Advertisement

കോഴിക്കോട്: പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് മുസ്ലിം ലീഗിൻ്റെ വമ്പൻ റാലി. പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്ത റാലിയിൽ എ ഐ സി സി അംഗം ശശിതരൂർ എം പി മുഖ്യാതിഥിയായിരുന്നു.

പലസ്തീനികൾ ചെയ്യുന്നത് അധിനിവേശത്തിനെതിരായ ചെറുത്ത് നിൽപ്പാണെന്നാണ് സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടത്. പലസ്തീനൊപ്പം നിൽക്കാത്ത ഇന്ത്യൻ നിലപാടിനെയും ലീഗ് റാലിയിൽ സാദിഖലി ചോദ്യം ചെയ്തു.

ഇസ്രായേൽ അധിനിവേശത്തെ എന്നും ശക്തമായി എതിർത്ത രാജ്യമാണ് ഇന്ത്യയെന്ന് സാദിഖലി ചൂണ്ടികാട്ടി. ഇസ്രയേൽ രൂപീകരണത്തിൻ്റെ ഒളിയജണ്ട തിരിച്ചറിഞ്ഞ രാജ്യമായിരുന്നു മുമ്പ് ഇന്ത്യ. മഹാത്മാ ഗാന്ധി ഇസ്രയേൽ അധിനിവേശത്തെ ശക്തമായി എതിർത്തിട്ടുണ്ട്. നെഹ്‌റു അടക്കമുള്ളവർ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച നേതാക്കളായിരുന്നു. വാജ്പേയി വരെ ആ നിലപാടിൽ നിന്നിട്ടുണ്ടെന്നും സാദിഖലി ചൂണ്ടികാട്ടി. എന്നാൽ ഇപ്പോളത്തെ ഭരണാധികാരികൾ ആ നയത്തിൽ വെള്ളം ചേർത്തിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യൻ ഭരണകൂടം ഇസ്രായേലിനെ വെള്ള പൂശാൻ ശ്രമിക്കുന്നു. അഹിംസ പഠിപ്പിച്ച ഇന്ത്യക്ക് അങ്ങിനെ നിൽക്കാനാവില്ലെന്നും ലീഗ് അധ്യക്ഷൻ വിമർശിച്ചു.

വേട്ടക്കാർക്ക് ഒപ്പം നിൽക്കലല്ല ഇന്ത്യയുടെ നയം. വാജ്പേയി അടക്കം പലസ്തീനൊപ്പമാണ് നിന്നതെന്ന് ഇന്നത്തെ ഭരണാധികാരികൾ തിരിച്ചറിയണം. ഇസ്രായേൽ ലോകത്തിലെ ഏറ്റവും വലിയ ഭീകര രാജ്യമാണെന്നും ഇസ്രായേലിനെ പിന്തുണക്കുന്നവർ ഭീകരതയെ കൂട്ട് പിടിക്കുകയാണ് ചെയ്യുന്നതെന്നും സാദിഖലി തങ്ങൾ വിമർശിച്ചു. അമേരിക്ക ഉൾപ്പെടെയുള്ളവർ അതാണ് ചെയ്യുന്നത്. ലോകത്തെ ഉണർത്താൻ ആണ് ഈ റാലി നടത്തുന്നത്. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ നമുക്ക് സാധിക്കണം. ലോകരാജ്യങ്ങൾ മനസാക്ഷിയോട് ചോദ്യം ചോദിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പലസ്തീൻ്റെ ശ്വാസം തന്നെ ചെറുത്ത് നിൽപ്പാണ്. ജീവിക്കാനുള്ള ചെറുത്തു നിൽപ്പാണ് പലസ്തിൻ നടത്തുന്നത്. അവിടെ സമാധാനം പുലരണം. സ്വതന്ത്ര പലസ്തീൻ മാത്രമാണ് പ്രശ്ന പരിഹാരമായിട്ടുള്ളതെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. ഇസ്രായേൽ ഭീകരരെ ഇല്ലാതാക്കണമെന്നും ഇസ്രായേലിനെ നല്ല നടപ്പ് പഠിപ്പിക്കാൻ ലോക രാജ്യങ്ങൾ മുൻ കൈ എടുക്കണമെന്നും ലീഗ് അധ്യക്ഷൻ ആവശ്യപ്പെട്ടു.

അതേസമയം ഇസ്രയേലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന്റെ പ്രതികാരം അതിരുകടന്നുവെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ അഭിപ്രായപ്പെട്ടത്. ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞ അദ്ദേഹം 19 ദിവസത്തിലെ യുദ്ധത്തിൽ കഴിഞ്ഞ 15 വർഷത്തിൽ ഉണ്ടായതിലധികം മരണമാണ് നടന്നതെന്നും ചൂണ്ടികാട്ടി. ഇസ്രയേൽ യുദ്ധം നിർത്തുന്നതിന് മുൻപ് എത്ര കുഞ്ഞുങ്ങളുടെ ജീവനെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി മുസ്ലിം ലീഗ് സംഘടിപ്പിച്ച ഈ റാലി മുസ്ലിം വിഷയമായത് കൊണ്ടല്ല. ഇതൊരു മനുഷ്യത്വ വിഷയമാണ്. യുദ്ധത്തിന് മതമറിയില്ല. യുദ്ധത്തിൽ ക്രൈസ്തവരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിൽ ക്രൈസ്തവ പള്ളി ആക്രമിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ അവിടെ നിരവധി പേർ അഭയാർത്ഥികളായി. ആ പള്ളി തകർക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. ആ പള്ളിയിലും ഇസ്രയേൽ ബോംബിട്ടു. നിരവധി പേർ അവിടെയും കൊല്ലപ്പെട്ടെന്നും തരൂർ ചൂണ്ടികാട്ടി.