കൊച്ചി: ബ്ലാക്ക് മെയിൽ ചെയ്യാനും ഭീഷണിപ്പെടുത്തി പണം വാങ്ങാനും അജ്ഞാത കേന്ദ്രങ്ങളിൽനിന്നുള്ള സിനിമാ റിവ്യൂകൾ അവസരമൊരുക്കുമെന്നു ഹൈക്കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. സിനിമകളുടെ കാര്യത്തിൽ മാത്രമല്ല, വ്യവസായ ലോകത്തും ഇത് പ്രസക്തമാണ്.
റിവ്യൂ ഇടുന്നയാളുടെ പേര് തീർച്ചയായും വേണം. ആരാണെന്നു വെളിപ്പെടുത്തണം. അജ്ഞാതമായിരിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും വലിയ പ്രശ്നമെന്നും കോടതി കൂട്ടിച്ചേർത്തു. വ്യാജ ഐഡിയിൽനിന്നാണ് അപകീർത്തികരമായ റിവ്യു ഉണ്ടാകുന്നതെന്നും ഇവരെ കണ്ടെത്തുന്നതു ബുദ്ധിമുട്ടാണെന്നും അമിക്കസ് ക്യൂറി ശ്യാം പത്മൻ വിശദീകരിച്ചു. വ്യാജ ഐഡിയിൽനിന്നുള്ള റിവ്യൂകളാണു പ്രശ്നമെന്ന് സർക്കാർ അറിയിച്ചു.
∙ റിവ്യുവറുടെ വിശദാംശങ്ങൾ, ചരിത്രം, സ്ഥിരത എന്നിവ പരിശോധിക്കണം. വ്യാജമല്ലാത്ത റിവ്യൂവർക്ക് കൃത്യമായ പ്രൊഫൈൽ, ചിത്രം, ബന്ധപ്പെടാനുള്ള നമ്പർ, യുസർ നെയിം എന്നിവയുണ്ടാകും. ഇവ പരിശോധിക്കണം. സിനിമകളെക്കുറിച്ചോ മറ്റു ഉൽപന്നങ്ങളെക്കുറിച്ചോ വൈവിധ്യമുള്ളതും സ്ഥിരതയുള്ളതുമായ വിശകലനം നടത്തിയിരിക്കുന്നവർ മിക്കവരും യഥാർഥത്തിലുള്ളവരായിരിക്കും. എന്നാൽ റിവ്യു ബോംബിങ് നടത്തുന്നവർ സിനിമ പോലും കാണാതെ ആയിരിക്കും റിവ്യു നടത്തുക.
∙ സമയം, ഭാഷ, ടോൺ, പ്രസക്തി എന്നിവ പരിശോധിക്കണം. മോശമായ ഭാഷയും ആവർത്തിച്ചുള്ള ഉള്ളടക്കവും റിവ്യു ബോംബിങ്ങിന്റെ സൂചനയായിരിക്കും. ക്രിയാത്മകമായിരിക്കും റിവ്യൂ. സത്യസന്ധമായ നെഗറ്റീവ് റിവ്യു സിനിമയിൽനിന്നുള്ള തെളിവിന്റെ പിന്തുണയോടെയായിരിക്കും. ബന്ധമില്ലാത്ത രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ റിവ്യൂവിലേക്കു വലിച്ചിഴയ്ക്കുന്നത് തെറ്റായ ഉദ്ദേശ്യത്തോടെയായിരിക്കും. വിദഗ്ധരുമായി ആലോചിക്കണമെന്നും റിവ്യൂവിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വ്യക്തികളുടെ സൽകീർത്തിക്കു ഹാനി വരുത്തുന്ന വ്യാജ പ്രസ്താവനകൾ റിവ്യൂവിലുണ്ടെങ്കിൽ അപകീർത്തിക്കു ക്രിമിനൽ കേസെടുക്കുമെന്നു ഡിജിപി ഹൈക്കോടതിയിൽ നൽകിയ പ്രോട്ടോക്കോളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വസ്തുതകളും യുക്തിപരമായ വ്യാഖ്യാനങ്ങളും അടിസ്ഥാനമാക്കിയാണ് റിവ്യൂ, വിമർശനം എന്നിവയെങ്കിൽ അതിനു സംരക്ഷണമുണ്ടാകും.
ഭീഷണി, ബ്ലാക്മെയിൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ഫിലിം റിവ്യൂകൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാകും. ഓൺലൈൻവഴി ശല്യപ്പെടുത്തൽ, അധിക്ഷേപിക്കുന്ന പെരുമാറ്റം തുടങ്ങിയവ റിവ്യൂവിലുണ്ടെങ്കിൽ ഐപിസി, ഐടി നിയമം എന്നിവ പ്രകാരം കേസെടുക്കാനാവും. എന്നാൽ പൊലീസ് നടപടി ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കരുത് എന്നതുൾപ്പെടെ അന്വേഷണ ഉദ്യോഗസ്ഥനു മാർഗനിർദേശങ്ങളും പ്രോട്ടോക്കോളിലുണ്ട്.
സിനിമയെ മോശമാക്കാൻ സമൂഹമാധ്യമങ്ങളിൽ റിവ്യൂ നടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് ആദ്യമായി പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് സജീവചർച്ചയായിരിക്കെയാണ് എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ കേസെടുത്തത്. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്. സ്നേക്ക് പ്ലാന്റ് സിനിമാ പ്രമോഷൻ കമ്പനി ഉടമ ഹെയ്ൻസ്, അനൂപ് അനു ഫെയ്സ്ബുക് അക്കൗണ്ട്, അരുൺ തരംഗ, എൻവി ഫോക്കസ്, ട്രെൻഡ് സെക്ടർ 24×7, അശ്വന്ത് കോക്, ട്രാവലിങ് സോൾമേറ്റ്സ് എന്നീ യൂട്യൂബർമാർ 7 വരെ പ്രതികളും യുട്യൂബ്, ഫെയ്സ്ബുക് എന്നിവ എട്ടും ഒൻപതും പ്രതികളുമാണ്. റിലീസിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ മോശം റിവ്യൂവും കമന്റുമിട്ടതിനാണു നടപടി.