ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ വ്യത്യസ്ത നിലപാടുമായി നേതാക്കൾ

Advertisement

കോഴിക്കോട്. മുസ്ലിംലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ വ്യത്യസ്ത നിലപാടുമായി നേതാക്കൾ. ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച ശശി തരൂർ എം.പിയുടെ പരാമർശത്തെ അതേ വേദിയിൽവെച്ച് തിരുത്തി എം.കെ മുനീർ രംഗത്തെത്തി. പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്ന് എം.കെ മുനീർ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്.

ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ മുസ്ലിംലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പ്രസംഗിച്ചത്.

എന്നാൽ അതേവേദിയിൽ ശശി തരൂരിനെ തിരുത്തി എം.കെ മുനീർ രംഗത്തെത്തി. പലസ്തീന്റെ പ്രതിരോധത്തെയാണ് നമ്മൾ പിന്തുണക്കേണ്ടത്. പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്നും എം.കെ മുനീർ പറഞ്ഞു.

മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ റാലി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണകൂടം ഇസ്രയേലിനെ വെള്ള പൂശാൻ ശ്രമിക്കുകയാണെന്നും, അഹിംസ പഠിപ്പിച്ച ഇന്ത്യക്ക് അങ്ങിനെ നിൽക്കാനാവില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്.

Advertisement