ഗണേഷ് കുമാറിന് തിരിച്ചടി; ഉമ്മൻ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ടുപോകണം: ഹൈക്കോടതി

Advertisement

കൊച്ചി: സോളർ കേസിലെ പരാതിക്കാരിയുടെ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു തനിക്കെതിരെയുള്ള കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കിൽ ഈ കേസ് മുന്നോട്ടുപോകണമെന്നും നിയമപരമായ തീരുമാനത്തിലെത്തണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഉത്തരവിൽ പറഞ്ഞു. മറിച്ച്, ഹർജിക്കാരനെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെങ്കിൽ എംഎൽഎയായ ഗണേഷ് കുമാറിന്റെ സത്യസന്ധത തെളിയിക്കപ്പെടുമെന്നും കോടതി കൂട്ടിച്ചേർത്തു. കെ.ബി. ഗണേഷ് കുമാറിനെയും സോളർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കി അഡ്വ. സുധീർ ജേക്കബാണ് പരാതി നൽകിയത്.

സോളർ കമ്മിഷന് മുന്നിൽ പരാതിക്കാരി ഹാജരാക്കിയ കത്തിൽ കൃത്രിമത്വം നടത്തിയെന്ന ഹർജിയിൽ കെ.ബി.ഗണേഷ് കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624- 2021 നമ്പറായി കേസ് റജിസ്റ്റർ ചെയ്തിരുന്നു.

ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് അടക്കം തെളിവുകൾ വാദി ഭാഗം കോടതിയിൽ ഹാജരാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം 14 പേർ മൊഴി നൽകി. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ്‌കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചതോടെ തുടർ നടപടികൾ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. സ്റ്റേ അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണനയിലെത്തുന്നത്.

പത്തനംതിട്ട ജയിലിൽ വച്ച് എഴുതിയ കത്തിൽ 21 പേജ് ഉണ്ടായിരുന്നെന്നും പിന്നീട് നാല് പേജ് കൂട്ടി ചേർത്ത് 25 പേജാക്കിയാണ് ജുഡീഷ്യൽ കമ്മിഷന് നൽകിയതെന്നും നടപടിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കാട്ടിയാണ് കേസ് ഫയൽ ചെയ്തത്.

Advertisement