തിരുവനന്തപുരം: വ്യാജക്കള്ള് ഉണ്ടാക്കാനായി സംസ്ഥാനത്തൊട്ടാകെ പേസ്റ്റ് വിതരണം ചെയ്യുന്നത് അങ്കമാലി സ്വദേശിയായ സ്ത്രീയാണെന്ന് എക്സൈസ് ഇന്റലിജൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ വ്യാജക്കള്ളും സ്പിരിറ്റും പിടികൂടിയ കേസുകളിൽ പ്രതികളായവർ ഈ സ്ത്രീയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകളിൽനിന്നും വ്യക്തമായി.
ഈ സ്ത്രീയുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഉദ്യോഗസ്ഥർ ശുപാർശ ചെയ്തെങ്കിലും ഉന്നത ഇടപെടലുണ്ടായതോടെ വീട്ടിൽ പരിശോധന നടത്താൻപോലും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. പാലക്കാട്ടു നിന്ന് വ്യാജക്കള്ള് മറ്റു ജില്ലകളിലേക്കെത്തുന്നത് ദുരന്തത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
ആലുവയിലെ ഷാപ്പിൽ 2021ൽ 1000 ലീറ്റർ സ്പിരിറ്റും ഒന്നര കിലോ പേസ്റ്റും ഭൂഗർഭ അറയിൽനിന്ന് കണ്ടെത്തിയിരുന്നു. ഷാപ്പ് ജീവനക്കാരിൽ ഒരാളുടെ ഫോണിൽനിന്ന് ഒരു സ്ത്രീയുടെ ഫോണിലേക്ക് നൂറിലധികം കോളുകൾ ഒരു മാസം പോയതായി ഫോൺ രേഖകളിൽ വ്യക്തമായതോടെയാണ് അങ്കമാലി സ്വദേശിയായ സ്ത്രീ എക്സൈസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നാലെ, എറണാകുളം ജില്ലയിൽ റജിസ്റ്റർ ചെയ്ത വ്യാജക്കള്ള് കേസുകളിൽ പ്രതികളായവർ ഈ സ്ത്രീയെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞു.
പാലക്കാട് കൊല്ലങ്കോട്ട് 2022ൽ 2000 ലീറ്റർ സ്പിരിറ്റ് പിടികൂടിയപ്പോഴും പ്രതികൾ ഈ സ്ത്രീയുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായി വ്യക്തമായി. പാലക്കാട് ചിറ്റൂരിലെ തോട്ടത്തിൽനിന്ന് സ്പിരിറ്റ് പിടികൂടിയ കേസിലെ പ്രതികളും തൃശൂരിൽനിന്ന് അതേവർഷം സ്പിരിറ്റ് പിടികൂടിയ കേസിലെ പ്രതികളും ഈ സ്ത്രീയുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. വ്യാജക്കള്ള് ഉണ്ടാക്കാൻ പേസ്റ്റ് വിതരണം ചെയ്യുന്നത് ഈ സ്ത്രീയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് ഉദ്യോഗസ്ഥർ തുടർ നടപടികൾക്ക് ശുപാർശ ചെയ്തെങ്കിലും ഉന്നത ഇടപെടലിൽ അന്വേഷണം മുടങ്ങി.
ബെനാമി പേരിൽ വിവിധ ജില്ലകളിൽ ഷാപ്പ് നടത്തിയ ചാലക്കുടി സ്വദേശിയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഈ സ്ത്രീയുടെ സാന്നിധ്യം വീണ്ടും തിരിച്ചറിഞ്ഞു. ചാലക്കുടി സ്വദേശിയുടെ ഷാപ്പിലെ ജീവനക്കാർ ഈ സ്ത്രീയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകളിൽനിന്ന് വ്യക്തമായി. ചാലക്കുടി സ്വദേശി ബെനാമി പേരിൽ നടത്തിയ 20 ഓളം ഗ്രൂപ്പുകളിലെ ഷാപ്പുകളുടെ ലൈസൻസ് റദ്ദു ചെയ്തു. എന്നാൽ, ഈ സ്ത്രീയുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷണം ഉണ്ടായില്ല.
സാധാരണ കള്ള് പാലക്കാടുനിന്ന് കൊണ്ടുവന്ന് വിൽപന നടത്തിയാൽ ഒരു ലീറ്റർ കള്ളിന് 30 രൂപയാണ് ലാഭം. വ്യാജക്കള്ളാണെങ്കിൽ ലീറ്ററിന് 90 രൂപ ലാഭം ലഭിക്കും. നിയമപ്രകാരം ലൈസൻസിക്ക് കൊണ്ടുപോകാൻ കഴിയുന്ന അളവിലുള്ള കള്ളാണോ എന്നു മാത്രമേ ചെക്പോസ്റ്റിൽ പരിശോധിക്കാറുള്ളൂ. വ്യാജക്കള്ളാണോ എന്ന് പരിശോധിക്കാൻ സംവിധാനമില്ല. സ്പിരിറ്റിൽ പേസ്റ്റ് ചേർത്ത വ്യാജക്കള്ള് പാലക്കാട്ടു നിന്ന് എത്തിക്കുന്നതിനു പുറമേ ജില്ലകളിലും വ്യാജക്കള്ള് തയാറാക്കാറുണ്ട്. കള്ളുഷാപ്പുകളിൽനിന്ന് അയയ്ക്കുന്ന സാംപിളുകളിലെ വിഷസാന്നിധ്യം, സ്പിരിറ്റിന്റെ അളവ് എന്നിവ മാത്രമേ ലബോറട്ടറികളിൽ പരിശോധിക്കാറുള്ളൂ. കൃത്രിമമായി സ്പിരിറ്റ് ചേർത്ത കള്ളാണോ എന്ന് പരിശോധിക്കാൻ സംവിധാനമില്ല.