എവിടെ മത്സരിക്കും? മനസ് തുറന്ന് സുരേഷ് ​ഗോപി

Advertisement

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ എവിടെ മത്സരിക്കണമെന്ന് നേതാക്കൾ തീരുമാനിക്കുമെന്ന് സുരേഷ് ഗോപി. സ്ഥാനാർഥി പട്ടിക വന്നിട്ടില്ലെന്നും തൃശൂര് മത്സരിക്കണോ കണ്ണൂര് മത്സരിക്കണോ അതോ തിരുവനന്തപുരത്ത് മത്സരിക്കണോ എന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. മമ്മൂട്ടി തന്ന ഉപദേശവും നേതാക്കളുടെ അടുത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘സ്ഥാനാർഥി പട്ടിക വന്നിട്ടില്ല. ഓട്ടോറിക്ഷയുടെയും മറ്റും പിറകിൽ പോസ്റ്റർ കണ്ടത് പബ്ലിക് പൾസാണ്. അതിൽ എനിക്ക് സന്തോഷമോ ദുഃഖമോ ഇല്ല. അച്ചടക്കം ലംഘിച്ചുവെന്നും പക്ഷമില്ല. അത് അവരുടെ അവകാശമാണ്, അവരത് ചെയ്യുന്നു. അത് ആരെങ്കിലും തടയാൻ ശ്രമിച്ചാൽ കൂടുതൽ ആളുകൾ അത് ചെയ്യും.

ഞാൻ മത്സരിക്കണോ എന്ന് എന്റെ നേതാക്കളാണ് തീരുമാനിക്കേണ്ടത്. ഞാൻ തൃശൂര് മത്സരിക്കണോ കണ്ണൂര് മത്സരിക്കണോ അതോ ഇനി തിരുവനന്തപുരമാണോ എന്നെല്ലാം നേതാക്കളാണ് തീരുമാനിക്കുന്നത്. ഇനി മത്സരിക്കേണ്ട എന്ന് തീരുമാനിച്ചാൽ അങ്ങനെയും. മമ്മൂക്കയുടെ ഉപദേശവും അവിടെ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞില്ലേ. ഞാൻ ഒന്നും മറച്ചുവയ്ക്കുന്ന ആളല്ല. മമ്മൂക്കായ്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

അദ്ദേഹം വളരെ ന്യായമായ ഒരു അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പക്ഷേ ഞാൻ പകർന്നെടുത്തിരിക്കുന്ന എന്റെ ആറു വർഷത്തെ പ്രവർത്തനങ്ങളിലൂടെയും അതിനു മുൻപ് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയുമായുള്ള സമ്പർക്കത്തിലൂടെയും ആർജ്‍‍ജിച്ചെടുത്ത ഒരു ഊർജ്ജമുണ്ട്. ആ ഊർജ്ജം ജനങ്ങളുടെ നന്മയിലേക്ക് ചെന്നു ചേരണം. ഒരു വലിയ തിരുത്തൽ ശക്തിയായി വളരണം. ഇതെല്ലാം ആഗ്രഹമാണ്, അതു നടക്കട്ടേ.’– സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഒഴിവാക്കണമെന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞത്. ‘മമ്മൂക്ക കഴിഞ്ഞ ദിവസം എന്നോടു പറഞ്ഞു തിരഞ്ഞെടുപ്പിൽ നിൽക്കല്ലേ എന്ന്. ജയിച്ചാൽ പിന്നെ നിനക്ക് ജീവിക്കാൻ ഒക്കത്തില്ലടാ. നീ രാജ്യസഭയിൽ ആയിരുന്നപ്പോൾ ഈ ബുദ്ധിമുട്ടില്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കിൽ ചെയ്താൽ മതി. പക്ഷേ വോട്ടു തന്ന് ജയിപ്പിച്ചു വിട്ടാൽ എല്ലാം കൂടി പമ്പരം കറക്കുന്നുതു പോലെ കറക്കും.’എന്നാണ് സുരേഷ് ഗോപി അഭിമുഖത്തിൽ പറഞ്ഞത്.

അതിനു താൻ നൽകിയ മറുപടിയും സുരോഷ് ഗോപി അഭിമുഖത്തിൽ പറഞ്ഞു. ‘മമ്മൂക്ക അതൊരുതരം നിർവൃതിയാണ്. ഞാനത് ആസ്വദിക്കുന്നു, എന്നാൽ പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് പറഞ്ഞ് പുള്ളി പിണങ്ങുകയും ചെയ്തു. പുള്ളി അതിൻറെ നല്ല വശമാണ് പറഞ്ഞത്’-സുരേഷ് ഗോപി പറഞ്ഞു.

Advertisement