ഷെൻ ഹുവ 15 വിഴിഞ്ഞം തുറമുഖത്തോട് യാത്ര പറഞ്ഞു; അടുത്ത കപ്പൽ രണ്ടാഴ്ചയ്ക്കു ശേഷം

Advertisement

വിഴിഞ്ഞം: ഷെൻ ഹുവ 15 കപ്പൽ വിഴിഞ്ഞം തുറമുഖത്തോട് യാത്ര പറഞ്ഞു. രാജ്യാന്തര തുറമുഖത്ത് ആദ്യം അടുത്ത കപ്പൽ എന്ന ഖ്യാതിയുമായാണു മടക്കം.

നവംബറിലോ ഡിസംബറിലോ വീണ്ടും ഈ കപ്പൽ ഇവിടെ അടുത്തേക്കും. കഴിഞ്ഞ 12 നു വിഴിഞ്ഞത്ത് അടുത്ത കപ്പൽ 24 ന് ക്രെയിനുകൾ ഇറക്കിയതോടെ ദൗത്യം പൂർത്തിയാക്കി. മടക്കയാത്രാ നടപടികൾക്കു ശേഷം വൈകിട്ട് 3.30നു കപ്പൽ ഹോൺ മുഴക്കി ബെർത്തിൽ നിന്ന് അകന്നു.

രാജ്യാന്തര കപ്പൽ ചാൽ എത്തുന്നതു വരെ ഇന്ത്യൻ ക്യാപ്റ്റൻ തുഷാർ ആണ് കപ്പൽ നിയന്ത്രിച്ചത്. രണ്ടു ഡോൾഫിൻ ടഗ്ഗുകളും ഓഷ്യൻ സ്പിരിറ്റ് എന്ന വലിയ ടഗ്ഗും ചേർന്നാണ് കപ്പലിനെ മടക്കയാത്രയ്ക്കു പാകമാകും വിധം തിരിക്കാൻ സഹായിച്ചത്. നവംബർ അവസാനമോ ഡിസംബർ പകുതി കഴിഞ്ഞോ ഈ കപ്പൽ‌ വീണ്ടും എത്തും വിധമാണ് ഇപ്പോഴത്തെ സമയക്രമം എന്ന് അദാനി കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു. മുന്ദ്ര തുറമുഖത്തേക്ക് ഉൾപ്പെടെ ആകെ അഞ്ച് ക്രെയിനുകളുമായി ഷെൻഹുവ 15 ഓഗസ്റ്റ് 31 ന് ആണ് ചൈനയിൽ നിന്നു തിരിച്ചത്.

ക്രെയിനുകളുമായി തിരിച്ച രണ്ടാമത്തെ കപ്പൽ ഷെൻഹുവ 29 നവംബർ ഒൻപതിനും 15 നും ഇടയിൽ വിഴിഞ്ഞത്ത് എത്തും. മുന്ദ്രയിലേക്കുള്ള ക്രെയിനുകളും ഇതിൽ ഉണ്ടെന്നാണു സൂചന. നവംബർ അവസാനത്തോടെയോ ഡിസംബർ പകുതിക്കു ശേഷമോ മൂന്നാമത്തെ കപ്പലും എത്തും. ഷെൻഹുവ 24, അല്ലെങ്കിൽ മടങ്ങിപ്പോയ കപ്പൽ ആയിരിക്കും അത്. രണ്ടു ഷിപ് ടു ഷോർ, 3 യാഡ് ക്രെയിനുകളാവും ഇതിലുണ്ടാവുക. ഈ സമയക്രമത്തിനും ക്രെയിനുകളുടെ എണ്ണത്തിലും വ്യത്യാസം വന്നേക്കാം.