പത്തനംതിട്ട: ദീപാവലിയോട് അനുബന്ധിച്ചു ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിൽ വന്ദേഭാരത് ഉപയോഗിച്ചു സ്പെഷൽ സർവീസ് നടത്താൻ റെയിൽവേ ഒരുങ്ങുന്നു. ദക്ഷിണ പശ്ചിമ റെയിൽവേയുടെ അനുമതി ലഭിച്ചാൽ സർവീസ് നടത്തും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണു എറണാകുളം–ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്പെഷൽ ഓടിക്കുക. രണ്ട് സർവീസ് ചെന്നൈ–ബെംഗളൂരു റൂട്ടിലുമുണ്ടാകും.
വ്യാഴാഴ്ച രാത്രി ചെന്നൈയിൽ നിന്നു പുറപ്പെട്ടു വെള്ളി പുലർച്ചെ 4.00ന് ബെംഗളൂരുവിലെത്തുന്ന ട്രെയിൻ അവിടെ നിന്നു പുലർച്ചെ 4.30ന് എറണാകുളത്തേക്കു പുറപ്പെടും. ഉച്ചയ്ക്ക് 1.30ന് എറണാകുളത്ത് എത്തും. തിരികെ ഉച്ചയ്ക്കു രണ്ടിന് പുറപ്പെട്ട് രാത്രി 10.30ന് ബെംഗളൂരുവിലെത്തും. ശനി, ഞായർ ദിവസങ്ങളിലും ഇതേ രീതിയിൽ രാവിലെ 4.30ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ടു ഉച്ചയ്ക്ക് എറണാകുളത്ത് എത്തി മടങ്ങും.
ഞായർ രാത്രി 11.30ന് ബെംഗളൂരുവിൽ നിന്നു ചെന്നൈയിലേക്കു പോകും. ചെന്നൈയിലാണ് ട്രെയിന്റെ അറ്റകുറ്റപ്പണി നടക്കുക. ചെന്നൈയിലുള്ള വന്ദേഭാരത് സ്പെയർ റേക്ക് ഉപയോഗിച്ചാണു സർവീസ് നടത്തുക. എട്ട് കോച്ചുകളാണ് ഇതിൽ ഉണ്ടാകുക. ദക്ഷിണ റെയിൽവേ നൽകിയ ശുപാർശ ദക്ഷിണ പശ്ചിമ റെയിൽവേയുടെ പരിഗണനയിലാണ്.