വിദ്യാഭ്യാസ വായ്പ; അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

Advertisement

അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും ഇങ്ങനെ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് പറഞ്ഞു. കേരളാ ഗ്രാമീണ ബാങ്ക് കരുവഞ്ചാല്‍ ശാഖാ മാനേജര്‍ക്കെതിരെ വെള്ളാട് കളരിക്കല്‍ വീട്ടില്‍ കെ ജെ ടൈറ്റസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. മാര്‍ക്ക് മാനദണ്ഡമാക്കി മകള്‍ക്ക് ഗ്രാമീണ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെയാണ് ടൈറ്റസ് കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതി പരിഗണിച്ച കമ്മീഷന്‍ ബാങ്ക് ശാഖാ മാനേജരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. അറുപത് ശതമാനം മാര്‍ക്കില്ലാത്തതിനാല്‍ ലോണ്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ബാങ്കിന്റെ മറുപടി. ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലും സംസ്ഥാനത്തിനകത്തുമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ അപേക്ഷകളില്‍ നിയമപരമല്ലാത്ത തീരുമാനം ബാങ്ക് കൈക്കൊണ്ടതായി കമ്മീഷന്‍ നിരീക്ഷിച്ചു. പ്രവേശനം നല്‍കാന്‍ ഒരു സ്ഥാപനം തീരുമാനിച്ചാല്‍ അതിനെ അടിസ്ഥാനമാക്കിയാണ് ബാങ്ക് വായ്പ അനുവദിക്കേണ്ടത്. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അര്‍ഹതയുള്ള കുട്ടികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കണമെന്നുമുള്ള നിര്‍ദേശത്തോടെ പരാതി തീര്‍പ്പാക്കി.

എച്ച് എസ് എ അറബിക് തസ്തിക സംബന്ധിച്ച് എൻ സി എ ഒഴിവുകൾ നോട്ടിഫൈ ചെയ്യണമെന്നാവശ്യപ്പെട്ട് കക്കാട് കാരശ്ശേരി കക്കാടൻ ചാലിൽ അഹമ്മദ് നിസാർ നൽകിയ പരാതിയിൽ പരാതിക്കാരൻ ഉന്നയിച്ച വിഷയങ്ങൾ പരിഗണിച്ച് പുതിയ നോട്ടിഫിക്കേഷൻ നടത്തിയതായി പി എസ് സി അറിയിച്ചതിനെ തുടർന്ന് പരാതി തീർപ്പാക്കി.

കൃഷി ആവശ്യത്തിനായി 2012 ൽ സർക്കാർ അനുവദിച്ച ഭൂമി പോക്ക് വരവ് ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് അയിപ്ര സ്വദേശി ടി ആർ അബ്ദുള്ള നൽകിയ പരാതിയിൽ ഭൂമി ഇ എഫ് എൽ പട്ടികയിൽ പെട്ടതാണെന്ന ഫോറസ്റ്റ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ട്രിബ്യൂണലിനെ സമീപിക്കാൻ കമ്മീഷൻ നിർദേശം നൽകി. ട്രിബ്യൂണലിൽ പരാതി നേരിട്ട് നൽകാമെന്ന പരാതിക്കാരുടെ മറുപടിയെ തുടർന്ന് കമ്മീഷൻ പരാതി തീർപ്പാക്കി.

പാനൂർ സ്വദേശി റൂബിനക്കും കുടുംബത്തിനും സംരക്ഷണം നൽകാൻ ജില്ലാ പൊലിസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

കേരളത്തിൽ നാടക അവതരണത്തിന് അനുമതിയില്ലെന്ന് കാട്ടി ഫരീദാബാദ് സ്വദേശി സാബു ഇടിക്കുള നൽകിയ പരാതിയിൽ പൊലീസ് അധികാരികളിൽ നിന്നും വിശദീകരണം തേടിയ കമ്മീഷൻ കേരളം ആവിഷ്കാര സ്വാതന്ത്യം അനുവദിക്കുന്ന സംസ്ഥാനമാണെന്നും നാടകം അവതരിപ്പിക്കുന്നതിൽ – മറ്റ് ക്രമസമാധാന പ്രശ്നങ്ങളില്ലെന്നുമുള്ള റിപോർട്ടിന്മേൽ പരാതി തീർപ്പാക്കി.

കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിംഗില്‍ 13 പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. 8 പരാതികള്‍ തീര്‍പ്പാക്കി. സിറ്റിങ്ങില്‍ കമ്മീഷന്‍ അധ്യക്ഷന്‍ അഡ്വ. എ എ റഷീദ്, അംഗങ്ങളായ പി റോസ, എ സൈഫുദീന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement