കോഴിക്കോട്. ഡോ.ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പ്രസ്താവനയിൽ വ്യത്യസ്ത നിലപാടുമായി സിപിഎം സംസ്ഥാന നേതൃത്വവും കോഴിക്കോട് ജില്ലാ കമ്മിറ്റിയും. തരൂരിന്റെ പ്രസ്താവനയെ സിപിഎം സംസ്ഥാന സെക്രട്ടറി ഒഴുക്കൻ മട്ടിൽ സമീപിച്ചപ്പോൾ, പ്രസ്താവന ഗൗരവതരം എന്ന നിലപാടിലാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി. ഹമാസിനെ അനുകൂലിക്കുന്നത് മറ്റൊരു തരത്തില്‍ അപകടമാകു മെന്ന അഭിപ്രായം ഒരു കൂട്ടര്‍ വച്ചുപുലര്‍ത്തുമ്പോള്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ലീഗിനെ മറികടക്കാനാണ് മറുവിഭാഗം ശ്രമിക്കുന്നത്.
ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പ്രസ്താവനയെ രൂക്ഷ ഭാഷയിലാണ് എം സ്വരാജ് ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ വിമർശിച്ചത്. മുസ്ലിം ലീഗിൻ്റെ ചിലവിൽ ശശി തരൂർ ഇസ്രായേൽ അനുകൂല സമ്മേളനം നടത്തിയെന്നായിരുന്നു സ്വരാജിൻ്റെ നിശിത വിമർശനം. എന്നാൽ, ലീഗിനെയോ ശശി തരൂരിനെയോ കടന്നാക്രമിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തയ്യാറായില്ല.
വിവാദ പ്രസ്താവനയിൽ തരൂർ തന്നെ വിശദീകരണം നൽകിയിട്ടുണ്ടല്ലോ എന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ഈ നിലപാടിനെ പാടെ തള്ളുന്നതാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന. യുദ്ധത്തിനു കാരണം ഹമാസാണെന്ന ശശി തരൂരിന്റെ പ്രസ്താവന ഗൗരവമായി കാണണമെന്നും, ഈ നിലപാട് ലീഗ് പ്രവർത്തകരെ അപമാനിക്കുന്നതാണെന്നും സിപിഎം ജില്ലാ കമ്മറ്റി വാർത്താക്കുറിപ്പിൽ പറയുന്നു. വിവാദത്തിൽ മൃദു സമീപനമെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറിയെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി