കോട്ടയം.പി.സി.ജോർജിൻ്റെ കേരള ജനപക്ഷം എൻ ഡി എ പാളയത്തിലേക്കെന്ന് സൂചന. ജനപക്ഷം ചെയർമാൻ ഷോൺ ജോർജ് ബി ജെ പി സംസ്ഥാന കാര്യാലയത്തിലെത്തി കെ.സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി. ദൃശ്യങ്ങൾ ട്വൻ്റി ഫോറിന്. എന്‍ഡിഎയിൽ ലോക്സഭ സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. അനൗദ്യോഗിക കൂടിക്കാഴ്ച്ചയെന്ന് ഷോൺ ജോർജ് ചാനലിനോട് പ്രതികരിച്ചു.
പതിനൊന്നരയോടെത്തി അര മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ച്ച. കേരള ജനപക്ഷം സെക്കുലർ ചെയർമാൻ ഷോൺ ജോർജ് ബി ജെ പി സംസ്ഥാന കാര്യാലയത്തിലെത്തി കെ സുരേന്ദ്രനെ കണ്ടത് ഏറെ രാഷ്ട്രീയ അഭ്യൂഹങ്ങളിലേക്കാണ് നീങ്ങുന്നത്. എൻഡിഎയുമായി അകലം പാലിക്കുന്ന പിസി ജോർജ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ഉന്നം വെച്ചിട്ടുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു.
കഴിഞ്ഞ തവണ കോട്ടയത്ത് എൻ ഡി എക്കായി മത്സരിച്ച , കേരള കോൺഗ്രസിൻ്റെ പിസി തോമസ് ഒന്നര ലക്ഷത്തിലധികം വോട്ടുകൾ നേടിയിരുന്നു. പിസി തോമസ് ഇപ്പോൾ യുഡിഎഫ് പാളയത്തിലാണ്. കോട്ടയം സീറ്റിൽ കരുത്തനായ ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ പരിഗണിക്കുന്ന കാര്യം ബിജെപി കാര്യമായി ആലോചിക്കുന്നു. അങ്ങനെയെങ്കിൽ പിസി തോമസിന്റെ വിടവ് പിസി ജോർജിന്റെ കേരള ജനപക്ഷം നികത്തുമോ എന്നതാണ് സംശയം. പി.സി.ജോർജ് തന്നെ കളത്തിലിറങ്ങിയാൽ കോട്ടയത്തെ തെരഞ്ഞെടുപ്പ് ചിത്രം അനുകൂലമാക്കാം എന്ന് ബിജെപിയിലെ ഒരു വിഭാഗം കണക്ക്കൂട്ടുന്നു. എന്നാൽ പി.സി.ജോർജ്ജിന്‍റെ രാഷ്ട്രീയം നേട്ടമുണ്ടാക്കില്ലെന്ന വിശ്വസിക്കുന്ന പ്രബല വിഭാഗവുമുണ്ട്.