‘20 കോടി നൽകിയില്ലെങ്കിൽ കൊല്ലും’: മുകേഷ് അംബാനിക്ക് വധഭീഷണി

Advertisement

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിലിൽ ഒരാൾ സന്ദേശം അയച്ചു. ഒക്‌ടോബർ 27ന് ഷദാബ് ഖാൻ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു.

‘‘നിങ്ങൾ ഞങ്ങൾക്ക് 20 കോടി രപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്’’– ഇമെയിൽ സന്ദേശത്തിൽ പറയുന്നു. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിൽ മുംബൈയിലെ ഗാംദേവി പൊലീസ് കേസെടുത്തു. ഐപിസി സെക്‌ഷൻ 387, 506 (2) പ്രകാരമാണ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇതാദ്യമായല്ല മുകേഷ് അംബാനിക്കുനേരെ വധഭീഷണിയുണ്ടാകുന്നത്. മുകേഷ് അംബാനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ സ്ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിഹാറിലെ ദർബംഗ സ്വദേശിയായ രാകേഷ് കുമാർ മിശ്ര എന്നയാൾ കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു. 2021ൽ മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയ്ക്കു സമീപത്തുനിന്ന് സ്‌ഫോടക ശേഷിയുള്ള 20 ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും അടങ്ങിയ കാറും കണ്ടെത്തിയിരുന്നു.