കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ വൻ സ്ഫോടനം; ഒരാൾ മരിച്ചു, നിരവധിപ്പേർക്ക് പരുക്ക്

Advertisement

കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. നിരവധിപ്പേർക്ക് പരുക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനം.

നിരവധി ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണ് വിവരം. 23 പേർക്ക് പരുക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടർ സ്ഫോടനങ്ങളുമുണ്ടായെന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടയാൾ പറഞ്ഞു. രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു.സങ്കേതിക തകരാർ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.