കൊച്ചി: കളമശേരിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ്. എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലർത്താനാണു നിർദേശം. പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദേശം നൽകി.
തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും കളമശേരിയിലെത്തി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അജിത് കുമാർ സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. എൻഐഎയും പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്താകെ പരിശോധന നടത്താനും നിർദേശം നൽകി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു.
ഫയർഫോഴ്സ് അടക്കമുള്ള റെസ്ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു. ഏതു തരത്തിലുള്ള സ്ഫോടനമാണു നടന്നതെന്നു വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രമേ പറയാനാകൂ. അന്വേഷണത്തിനുശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.