കളമശ്ശേരി സ്‌ഫോടനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്‌ഫോടനം നടന്ന ഹാളും പരിസരവും പൊലീസ് സീല്‍ ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ബോംബ് സ്‌ക്വാഡും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്‌ഫോടനസ്ഥലത്തെത്തി. സ്‌ഫോടനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംസ്ഥാനത്ത് ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന എഡിജിപി എം ആര്‍ അജിത് കുമാറും ഇന്റലിജന്‍സ് എഡിജിപിയും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയാണ് പൊട്ടിത്തെറിയില്‍ മരിച്ചത്. സമ്മേളനം തുടങ്ങി അരമണിക്കൂറിനകം സ്‌ഫോടനം ഉണ്ടായതായി ദൃക്‌സാക്ഷി പറഞ്ഞു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. സ്‌ഫോടനം നടന്ന ഹാളില്‍ 2300 ഓളം പേരുണ്ടായിരുന്നു.
അടിയന്തര ചികിത്സ ഒരുക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.