കളമശ്ശേരി സ്ഫോടനം: ബോംബ് വെച്ചത് താനാണന്നവകാശപ്പെട്ട് ഒരാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

Advertisement

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടന പരമ്പരയെ കുറിച്ച് അന്വേഷണം ഊർജ്ജിതമായി പുരോ​ഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ പൊലീസ് സ്റ്റേഷനിൽ എത്തിയതായി റിപ്പോർട്ട്. കൊച്ചി സ്വദേശിയായ വ്യക്തിയാണ് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഉച്ചക്ക് ഒന്നരയോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

യഹോവായ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം. രാവിലെ 9.45നാണ് സംഭവം. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഒരു സ്ത്രീയാണ് മരിച്ചത്.

ചിലരെ പ്രാഥമിക ചികിത്സക്ക് ശേഷം മറ്റൊരാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്താകെ ജാ​ഗ്രത നിർദേശം നൽകി. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം.

സ്ഫോടനത്തിന് തൊട്ടുമുമ്പ് കൺവെൻഷൻ സെന്ററിൽ നിന്ന് പോയ നീല കാറിനെക്കുറിച്ച് അന്വേഷണം തുടങ്ങി.

Advertisement