തൃശൂർ: ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് ചെങ്കള സ്വദേശി ചെർക്കള തായൽ ഹൗസിൽ അബ്ദുൽ ബാസിത് (21) ആണ് മരിച്ചത്.
സുഹൃത്തുക്കളുമൊത്ത് എറണാകുളം പോയി ട്രെയിനിൽ മടങ്ങുന്നതിനിടെ ചാലക്കുടിക്കടുത്ത് വെച്ച് അബ്ദുൽ ബാസിതിന്‍റെ മൊബൈൽ ഫോൺ ട്രാക്കിലേക്ക് തെറിച്ചുവീണിരുന്നു. ഇതേ തുടർന്ന് തൃശൂരിൽ ഇറങ്ങി ചാലക്കുടി ഭാഗത്തേക്ക് പാളത്തിൽ മൊബൈൽ ഫോണിനായി തിരച്ചൽ നടത്തുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. പിറകിൽ നിന്നെത്തിയ ട്രെയിൻ ബാസിതിനെ ഇടിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞു.
സുന്നി ബാലവേദി ജില്ല വൈസ് പ്രസിഡന്‍റും എം.എസ്.എഫ് കാസർഗോഡ് മണ്ഡലം വൈസ് പ്രസിഡന്റുമാണ്. എസ്.കെ.എസ്.എസ്.എഫ് ചെര്‍ക്കള മേഖല ട്രഷറര്‍ കൂടിയായ ബാസിത് മത-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്നു. ചട്ടഞ്ചാല്‍ എം.ഐ.സി കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി പിതാവ്: മുഹമ്മദ് തായൽ. മാതാവ്: ഹസീന. സഹോദരങ്ങൾ: മിൻശാന (എഞ്ചിനീയറിംഗ് വിദ്യാർത്ഥി), അജ്മ.