യാത്രയ്ക്കിടെ മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടു, തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു

Advertisement

യാത്രയ്ക്കിടെ നഷ്ടപ്പെട്ട മൊബൈൽ ഫോണ്‍ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. കാസർകോട് ചെര്‍ക്കള തായല്‍ ഹൗസിൽ അബ്ദുൾബാസിത് (21) ആണ് മരിച്ചത്. ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കും ഇടയിലെ ആളൂര്‍ മേല്‍പ്പാലത്തിന് തെക്ക് ഞായറാഴ്ച രാവിലെ 6.15-ഓടെയാണ് അപകടം. 
ട്രെയിനിടിച്ച് തെറിച്ചുവീണ ബാസിതിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോള്‍ കൂട്ടുകാരായ ആബിദ്, ഉബൈസ്, നെയ്മുദ്ദീന്‍, ഷബാഹ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. ചെന്നൈ എഗ്‌മൂര്‍-ഗുരുവായൂര്‍ തീവണ്ടിയാണ് യുവാവിനെ തട്ടിയത്.
പിന്നിൽനിന്നും ട്രെയിൻ വരുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ നടുവിലെ പാളത്തിലേക്ക്‌ മാറി. എന്നാൽ ബാസിത് മാറുന്നതിന് മുമ്പേ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാനെത്തിയതായിരുന്നു ഇവർ. സുന്നി ബാലവേദി ജില്ലാ വൈസ് പ്രസിഡന്റും എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റുമാണ് മരിച്ച അബ്ദുൾബാസിത്. 
കളി കണ്ട ശേഷം ശനിയാഴ്ച രാത്രി 12.30-ന് മംഗലാപുരം അന്ത്യോദയ ട്രെയിനിനാണ് സംഘം കൊച്ചിയിൽ നിന്നും കാസർകോട്ടേക്ക് തിരിച്ചത്. 
ട്രെയിൻ യാത്രയ്ക്കിടെ ചാലക്കുടി കഴിഞ്ഞപ്പോൾ ആബിതിന്റെ ഫോൺ കയ്യിൽ നിന്നും  വഴുതി താഴെ വീണു. സ്ഥലത്തിന്റെ ഫോട്ടോ എടുത്ത ശേഷം തൃശൂരിലിറങ്ങി റെയിൽവേ ട്രാക്കിലൂടെ ഫോൺ കണ്ടെടുക്കാനായി വരികയായിരുന്നു സംഘം. 

Advertisement