കണ്ണൂർ: കണ്ണൂർ കേളകത്തെ രാമച്ചിയിൽ മാവോയിസ്റ്റുകൾ ആകാശത്തേക്ക് വെടിയുതിർത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചർമാർ നടന്നുപോകുന്നതിനിടെയാണ് ഇവർ ആയുധധാരികളായ മാവോയിസ്റ്റുകളുടെ മുന്നിൽപെട്ടത്.
മൂന്നു വാച്ചർമാരെ കണ്ടതോടെ മാവോയിസ്റ്റുകൾ ആകാശത്തേക്ക് പലതവണയായി വെടിയുതിർക്കുകയായിരുന്നു. ഇതോടെ മൂന്നു വാച്ചർമാരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അഞ്ചംഗ സായുധസംഘമാണ് വനത്തിലുണ്ടായിരുന്നതെന്നാണ് വാച്ചർമാർ പറയുന്നത്. മാവോയിസ്റ്റുകൾ ആകാശത്തേക്ക് ആറു റൗണ്ട് വെടിയുതിർത്തു. വയനാട് കമ്പമലയിൽ ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘം തന്നെയാണ് രാമച്ചിയിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. പതിവായി മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണ് രാമച്ചി. സംഭവത്തെതുടർന്ന് ഡിഎഫ്ഒ ഉൾപ്പെടെയുള്ള ഉന്നത വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയും പ്രദേശത്ത് അഞ്ചംഗ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു. രാമച്ചിയിലെ വീട്ടിലെത്തിയ മാവോയിസ്റ്റുകൾ മണിക്കൂറുകൾ തങ്ങിയശേഷം രാത്രി വൈകിയാണ് തിരിച്ചുപോയത്. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ചാർജ് ചെയ്ത് ഭക്ഷണ സാധനങ്ങൾ വാങ്ങിയശേഷമാണ് മാവോയിസ്റ്റുകൾ മടങ്ങിയത്. ഈ സംഭവത്തെതുടർന്ന് പൊലീസും തണ്ടർബോൾട്ടും പരിശോധന ഊർജിതമാക്കിയതിനിടെയാണ് വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ് വയനാട്ടിലെ തലപ്പുഴയിലും ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയിരുന്നു. കമ്പമലയിൽ നിന്നും രണ്ടു കിലോമീറ്റർ മാറി ചുങ്കം പൊയിലിലാണ് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയത്. നാട്ടുകാരനായ വെളിയത്ത് വി.യു ജോണിയുടെ വീട്ടിൽ രാത്രിയോടെയാണ് ആയുധധാരികളായ അഞ്ചുപേരെത്തിയത്.ഈ സംഭവത്തിന് മുമ്പായി കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് അടിച്ചു തകർത്ത മൊയ്ദീൻ അടക്കമുള്ള സംഘമാണ് ജോണിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന.