‘സിപിഎം നേതാക്കളുടെ പെരുമാറ്റം ആർഎസ്എസിന്റെ പ്രേതം ബാധിച്ചപോലെ; എൽഡിഎഫ് തറവാട് സ്വത്തല്ല’

Advertisement

തളിപ്പറമ്പ് (കണ്ണൂർ): ആർഎസ്എസിന്റെ പ്രേതം ബാധിച്ചതു പോലെയാണ് ചില സിപിഎം നേതാക്കൾ പെരുമാറുന്നതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ സി.പി.ഷൈജൻ. തളിപ്പറമ്പ് കീഴാറ്റൂർ മാന്ധംകുണ്ടിൽ സിപിഎം നേതാക്കളുടെ പരാതിയിൽ സിപിഐ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കള്ളക്കേസുകൾ എടുത്തതായി ആരോപിച്ച് സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിൽനിന്ന് നിരവധി പേർ സിപിഐയിലേക്ക് പോയതോടെ കീഴാറ്റൂർ മാന്ധംകുണ്ടിൽ അടുത്ത കാലത്തായി ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ തർക്കങ്ങളും സംഘർഷങ്ങളും നടക്കുകയാണ്. ഇവിടെ നടന്ന എൽഡിഎഫ് ലോക്കൽ കുടുംബ സംഗമത്തിൽ സിപിഐയെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതിനു പകരമായി സിപിഐയും കുടുംബസംഗമം നടത്തി. ഇതിന്റെ യോഗത്തിനിടെ സമീപത്തെ സിപിഎം ഓഫിസ് വരാന്തയിൽനിന്നു ചിലർ കൂവി. പിന്നീട് ഇതിനെ ചോദ്യം ചെയ്ത സിപിഐ ജില്ലാ കൗൺസിൽ അംഗം ഉൾപ്പെടെയുള്ളവർക്കെതിരെ സിപിഎം പ്രവർത്തകനെ മർദിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.

‘‘എല്ലാ സിപിഎം നേതാക്കളും ഇത്തരക്കാരാണെന്ന് പറയുന്നില്ല. ഏറെക്കാലമായി സിപിഐയെ തിക്കി തോൽപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാൽ ഇത്തരത്തിൽ തിക്കിയാലൊന്നും ഒതുങ്ങുന്ന പാർട്ടിയല്ല സിപിഐ എന്ന് മനസ്സിലാക്കണം. സിപിഐ പ്രവർത്തകർക്കെതിരെ മാത്രമാണ് ഇവിടെ കേസെടുക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ, ഒരു നേതാവ് സിപിഐയുടെ കൊടി പിഴുതെടുക്കാൻ ആഹ്വാനം ചെയ്യുകയും ആളുകൾ നോക്കിനിൽക്കെ കൊടി പറിക്കുകയും ചെയ്തു. ഇതിൽ പരാതി കൊടുത്തിട്ടും പൊലീസ് കേസെടുത്തില്ല.

സിപിഐ പ്രവർത്തകനെ കാറിനു മുകളിൽ കല്ലിട്ട് വധിക്കാൻ ശ്രമിച്ചതിനും കേസില്ല. എൽഡിഎഫ് ആരുടെയും തറവാട് സ്വത്തല്ല. സിപിഐ ഉള്ളത് കൊണ്ടാണ് എൽഡിഎഫ് ഭരണത്തിൽ വന്നത്. സിപിഐയാണ് എൽഡിഎഫ് ഉണ്ടാക്കിയത്. ഇവിടെ എൽഡിഎഫ് എന്ന് എഴുതി വച്ചിട്ട് സിപിഎമ്മിന്റെ പരിപാടികളാണ് നടത്തുന്നത്. സിപിഐയുടെ പരിപാടിക്കെതിരെ സിപിഎം ഓഫിസ് വരാന്തയിൽനിന്ന് കൂവിയതിന് ഉത്തരവാദി സിപിഎം മാത്രമാണ്’’– സി.പി.ഷൈജൻ പറഞ്ഞു.