കളമശ്ശേരി സ്ഥോടനം: പ്രതി ഡൊമനിക്ക് മാർട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; ​യുഎപിഎ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തി

Advertisement

കൊച്ചി: കളമശേരിയിൽ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടത്തിയ സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് അറസ്റ്റ് രേഖപ്പെടുത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നോ അല്ലെങ്കിൽ നാളെ രാവിലെയോ ഇയാളെ കോടതിയിൽ ഹാജരാക്കും.

ഇതിനിടെ പ്രതിക്കെതിരെ ​ഗുരുതര വകുപ്പുകൾ ചുമത്തി. യുഎപിഎയ്ക്ക് പുറമേ കൊലപാതകം, ഗുഢാലോചന, പരിക്കേല്പിക്കൽ കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി ​ഗുരുതര വകുപ്പുകളാണ് മാർട്ടിന് എതിരെ ചുമത്തിയിരിക്കുന്നത്.

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്ഫോടനമാണെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ടൂൾ ബോക്സ് കണ്ടെത്തിയിട്ടുണ്ട്. മാര്‍ട്ടിന്‍ പുലര്‍ച്ചെ അഞ്ച് മണിക്കാണ് വീട്ടില്‍ നിന്ന് പോയതെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. വീട്ടിൽ ഇയാളുടെ മുറിയിൽ വെച്ച് നാല് ബോംബുകൾ ഉണ്ടാക്കി.ഇതിൽ രണ്ടെണ്ണം പൊട്ടിച്ചു.

കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗത്തിലാണ് ഇന്നലെ രാവിലെ 9.30യോടെ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 3 പേർ കൊല്ലപ്പെടുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി മാര്‍ട്ടിന്‍ ഉച്ചയോടെ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.