കളമശേരി സ്‌ഫോടനം, വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവർക്ക് എതിരേ പോലീസ് നടപടി

Advertisement

തിരുവനന്തപുരം . കളമശേരി സ്‌ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവർക്ക് എതിരേ പോലീസ് നടപടി.സംസ്ഥാനത്താകെ പത്തോളം കേസുകള്‍ രജിസ്റ്റർ ചെയ്തു.
അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,ബിജെപി
നേതാവ് സന്ദീപ് വാര്യർ തുടങ്ങിയ നേതാക്കൾ കുപ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി
കെപിസിസി പോലീസ് മേധാവിക്കു പരാതി നൽകി.

കളമശേരി സ്ഫോടനത്തെക്കുറിച്ചു സമൂഹ മാധ്യമങ്ങളിൽ വർഗീയ ചുവയോടെ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് നടപടി. തിരുവനന്തപുരം സിറ്റിയില്‍ മാത്രം മൂന്നു കേസുകൾ
രജിസ്റ്റർ ചെയ്‌തു.പരാതിയുടെ അടിസ്ഥാനത്തിലും പോലീസ് സ്വമേധയായും കേസുകൾ എടുത്തിട്ടുണ്ട്.പത്തനംതിട്ടയിലും പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്‌തു.സാമൂഹ്യ മാധ്യമങ്ങളിലെ വർഗീയ പ്രചരണത്തിനെതിരെ ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് ഡിജിപിക്ക്‌ പരാതി നൽകി. വിഎച്പി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല, ബിജെപി നേതാവ് സന്ദീപ് വാര്യർ, ഓൺലൈൻ ചാനലിന്റെ എഡിറ്റർ ഷാജൻ സ്കറിയ, കർമ്മ ന്യൂസ്‌ എന്ന ഓൺലൈൻ ചാനൽ, ‘കാസ’ എന്ന സാമൂഹിക മാധ്യമ പേജ് എന്നിവയ്ക്ക് എതിരേയാണ് പരാതി.
എം വി ഗോവിന്ദൻ,സന്ദീപ് വാര്യർ, ഇടത് സഹയാത്രികൻ ഡോക്ടർ സെബാസ്റ്റ്യൻ പോൾ എന്നിവർക്കെതിരെ കെപിസിസി ഡിജിറ്റൽ മീഡിയാ കൺവീനർ ആണ് പരാതി നൽകിയത്.വസ്തുതാപരാമർശം അന്വേഷിക്കണമെന്നും,മതസ്പർദ്ധ വളർത്തും വിധം കുപ്രചരണം നടത്തിയെന്നുമാണ് പരാതി.നൂറോളം വിദ്വേഷ പോസ്റ്റുകള്‍ സൈബര്‍ സെൽ കണ്ടെത്തിയിട്ടുണ്ട്.
ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു.സമൂഹ മാധ്യമങ്ങളില്‍ പോലീസ് നിരീക്ഷണം തുടരുകയാണ്.

Advertisement