സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി പണിമുടക്കും

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി പണിമുടക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലായെങ്കില്‍ അടുത്ത മാസം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

നവംബര്‍ 1 നകം സീറ്റ് ബെല്‍റ്റും ക്യാമറയും ഘടിപ്പിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ ബസുടമകളുടെ സമരപ്രഖ്യാപനത്തെ വിമര്‍ശിച്ചാണ് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് വന്നത്. സീറ്റ് ബെല്‍റ്റ് കേന്ദ്ര നിയമമാണെന്ന് പറഞ്ഞ മന്ത്രി ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ തന്നെ മുന്നോട്ട് വെച്ചതാണെന്നും പറഞ്ഞിരുന്നു. കേസുകളില്‍ ബസ് ജീവനക്കാരെ പ്രതിയാക്കുന്നത് തടയാനും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനായും ക്യാമറ വേണമെന്ന് ബസുടമകള്‍ തന്നെയാണ് പറഞ്ഞത്. നല്ല ഗുണനിലവാരമുള്ള ക്യാമറകള്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നല്‍കിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു.