കോട്ടയം. പോലീസ് സ്റ്റേഷനിലെത്തി ബഹളം വച്ച കേസിൽ പിടിയിലായ നടൻ വിനായകനെ തള്ളിപ്പറഞ്ഞ് കെപിഎംഎസ് രംഗത്ത്.
വിനായകനെ പോലുള്ളവർ നാടിന്റെ പൊതുസ്വത്ത് ആണെന്നും ഇത്തരക്കാർ പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകളുണ്ടെന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ വ്യക്തമാക്കി.
വിനായകന്റെ ഇത്തരം പ്രവണതെയേയും പോലീസ് നടപടിയെയും അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിലാണ് കെപിഎംഎസ് പ്രതികരിച്ചത്. ഈ വിഷയങ്ങൾ ജാതി കൊണ്ട് അടയ്ക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോടു മോശമായി പെരുമാറിയ സംഭവത്തിൽ, വിധേയമാക്കപ്പെട്ട ആളുടെ മനോഗതി പോലെയിരിക്കുമെന്നു പുന്നല ശ്രീകുമാർ ചൂണ്ടിക്കാട്ടി.
അതേസമയം രാജ്യത്ത് ജാതി സെൻസസ് അനിവാര്യമാണെന്നും കെപിഎംഎസ് അഭിപ്രായപ്പെട്ടു. ശരിയായ സ്ഥിതിവിവര കണക്ക് ലഭിക്കുന്നതിനു ജാതി സെൻസസ് ഗുണകരമാണ്. ഇടതു സർക്കാർ ജാതി സെൻസസ് നടപ്പാക്കിയില്ലെങ്കിൽ പിന്നാക്ക വിഭാഗങ്ങളുടെ വിചാരണയ്ക്കു വിധേയമാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി