മൂന്നാർ മേഖലയിലെ ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന ദൗത്യസംഘത്തിന്റെ നടപടിക്കെതിരെ സിപിഎം സമരത്തിന്

Advertisement

മൂന്നാർ. മേഖലയിലെ ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന ദൗത്യസംഘത്തിന്റെ നടപടിക്കെതിരെ സിപിഐഎം സമരത്തിന് ഒരുങ്ങുന്നു. ചിന്നക്കനാൽ ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭൂ ഉടമകളെ സംഘടിപ്പിച്ചാണ് സമരപരിപാടികൾ. ആദ്യപടിയായി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകും.


സിപിഎമ്മിന്റെ കണക്കിൽ 188 കുടിയേറ്റ കർഷകർ കയ്യേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ ദൗത്യസംഘം ഒഴിപ്പിച്ച 5 കയ്യേറ്റങ്ങളിൽ മൂന്നെണ്ണം ഇക്കൂട്ടത്തിൽ പെട്ടതാണ്. ഇത് തുടർന്നാൽ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് സിപിഐഎമ്മിന്റെ തീരുമാനം. നിലവിലെ സാഹചര്യം തുടർന്നാൽ ജനങ്ങൾ തങ്ങൾക്കെതിരാകുമെന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ട്. ചിന്നക്കനാലിൽ കഴിഞ്ഞ ദിവസം കർഷകർ രൂപീകരിച്ച ഭൂ സംരക്ഷണ സമിതിക്ക് സിപിഎം ജില്ല സെക്രട്ടറി സി വി വ‍ർഗീസ് നേരിട്ടെത്തി പിന്തുണ വാഗ്ദാനം ചെയ്തു.

ജില്ലാ കളക്ടർ, മുഖ്യമന്ത്രി, റവന്യൂ മന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകന്നതോടൊപ്പം ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവ്യൂ പെറ്റീഷനും നൽകും. പേര് വെളിപ്പെടുത്താത്ത 17 പേർ ഉൾപ്പെടെ 35 വൻകിട കയ്യേറ്റങ്ങൾ പട്ടികയിലുണ്ട്. ഇവരുടെ കൈവശം മാത്രം 200 ലധികം ഏക്കർ ഭൂമിയുണ്ടെന്നും ഇത് ആദ്യം ഒഴിപ്പിക്കണമെന്നുമാണ് സിപിഎം നിലപാട്.

Advertisement