ബീപ് ശബ്‌ദത്തോടെ മൊബൈലുകളിൽ സന്ദേശം വന്നു; ഞെട്ടി ആളുകൾ ഫോൺ താഴെവച്ചു! സംഭവം എന്ത്?

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ആളുകളുടെ ആൻഡ്രോയ്‌ഡ് മൊബൈൽ ഫോണുകളിൽ ഉയർന്ന ബീപ് ശബ്‌ദത്തോടെ അപ്രതീക്ഷിതമായി ഒരു മുന്നറിയിപ്പ് സന്ദേശം വന്നതിൻറെ ഞെട്ടലിലാണ് പലരും. എന്താണ് സംഭവിച്ചത് എന്നറിയാതെ പലരും മൊബൈൽ ഫോൺ കയ്യിൽ നിന്ന് താഴെവച്ചു. ഉയർന്ന ബീപ് ശബ്ദത്തിനൊപ്പം വൈബ്രേഷനും ഫോണുകൾക്കുണ്ടായതാണ് പലരിലും ഞെട്ടലുണ്ടാക്കിയത്. എന്താണ് സംഭവിച്ചത് എന്ന് വിശദമായി നോക്കാം.

മൊബൈൽ ഫോണുകളിൽ ഉയർന്ന ബീപ് ശബ്‌ദത്തോടെ അലെർട് വന്നതിൽ ആരും ഭയക്കേണ്ടതില്ല. കേരളത്തിൽ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെൽ ബ്രോഡ്കാസ്റ്റ്) സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും വൈബ്രേഷനും സന്ദേശങ്ങളുമാണ് ഇന്ന് മൊബൈൽ ഫോണുകളിലെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തിയത്. രാജ്യത്തിൻറെ മറ്റ് പല ഭാഗങ്ങളിൽ നേരത്തെ തന്നെ സെൽ ബ്രോഡ്‌കാസ്റ്റ് സന്ദേശം കേന്ദ്ര സർക്കാർ പരീക്ഷിച്ചിരുന്നു.

കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളിൽ സ്‌മാർട്ട് ഫോണിലേക്ക് ഉയർന്ന ബീപ് ശബ്‌ദത്തോടെ ഇത്തരം എമർജൻസി മെസേജ് ലഭിച്ചപ്പോൾ പലരും ഞെട്ടിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സർക്കാർ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. വളരെ നിർണായകമായ എർജൻസി അലെർട് എന്ന ശീർഷകത്തോടെയാണ് എമർജൻസി മേസേജ് പലരുടെയും ആൻഡ്രോയിഡ് ഫോണിലേക്ക് എത്തിയത്. സമാനമായി കേരളത്തിലെ മൊബൈൽ ഫോണുകളിൽ എത്തിയ അലെർട് മെസേജിനൊപ്പം ഉയർന്ന ബീപ് ശബ്‌ദവും വൈബ്രേഷനും ശബ്‌ദ സന്ദേശവും ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുമുള്ള (മലയാളം) എഴുത്തുമുണ്ടായിരുന്നു.

Advertisement