തിരുവനന്തപുരം: കേരളീയം മേളയുടെ ഭാഗമായി നഗരത്തിൽ നവംബർ ഒന്നു മുതൽ ഗതാഗത നിയന്ത്രണവും കനത്ത സുരക്ഷയും ഏർപ്പെടുത്തും. വെള്ളയമ്പലം മുതൽ ജിപിഒ ജംക്‌ഷൻ വരെ വൈകിട്ട് ആറു മുതൽ 10 മണി വരെയാണ് ഗതാഗത നിതന്ത്രണം.
കേരളീയത്തിന്റെ മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് ആറു മുതൽ രാത്രി 10 വരെ സന്ദർശകർക്കായി കെഎസ്ആർടിസിയുടെ 20 ഇലക്ട്രിക് ബസുകൾ സൗജന്യ സർവീസ് നടത്തും.
ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തര സർവീസുകളും മാത്രമേ ഈ മേഖലയിൽ അനുവദിക്കൂ. കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടും. 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാല് സോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിച്ച് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി.
19 എസിപി/ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരും 300 വോളണ്ടിയർമാരെയും ഡ്യൂട്ടിക്കായി നിയോഗിക്കും. കനകക്കുന്നിലും പുത്തരികണ്ടത്തും സ്‌പെഷൽ പൊലീസ് കൺട്രോൾ റൂം സജ്ജമാക്കും. 10 എയ്ഡ് പോസ്റ്റും സബ് കൺട്രോൾ റൂമും കേരളീയം വേദി കേന്ദ്രീകരിച്ചു തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണിരാജു എന്നിവർ പറഞ്ഞു.
തിരിച്ചുവിടുന്ന സ്ഥലങ്ങൾ
∙പട്ടം ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ: പിഎംജിയിൽ നിന്നും ജിവിരാജ- യുദ്ധ സ്മാരകം -പാളയം പഞ്ചാപുര- ബേക്കറി -തമ്പാനൂർ വഴി പോകണം
∙പാറ്റൂർ ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ: ആശാൻ സ്‌ക്വയർ -അടിപ്പാത- ബേക്കറി- തമ്പാനൂർ വഴിയോ വഞ്ചിയൂർ- ഉപ്പിടാംമൂട് -ശ്രീകണ്‌ഠേശ്വരം ഫ്ലൈഓവർ വഴി.
∙ചാക്ക ഭാഗത്തുനിന്നും തമ്പാനൂർ- കിഴക്കേകോട്ട ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ: ഇഞ്ചക്കൽ- അട്ടക്കുളങ്ങര- കിള്ളിപ്പാലം വഴിയോ ഇഞ്ചക്കൽ- ശ്രീകണ്‌ഠേശ്വരം- തകരപ്പറമ്പ് മേൽപ്പാലം.
∙പേരൂർക്കട ഭാഗത്തുനിന്നും നഗരത്തിലേക്കു വരുന്ന വാഹനങ്ങൾ: പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി .
∙തമ്പാനൂർ-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ: തമ്പാനൂർ- പനവിള-ഫ്ലൈഓവർ അടിപ്പാത -ആശാൻ സ്‌ക്വയർ- പിഎംജി
∙തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ : തൈക്കാട്- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം.
∙തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ: അട്ടക്കുളങ്ങര ഈഞ്ചക്കൽ വഴിയോ ശ്രീകണ്‌ഠേശ്വരം-ഉപ്പിടാംമൂട് – വഞ്ചിയൂർ- പാറ്റൂർ.
∙തമ്പാനൂർ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങൾ: അട്ടക്കുളങ്ങര- മണക്കാട് -അമ്പലത്തറ.
∙അമ്പലത്തറ- മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ: അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കൽ റോഡ്.
പാർക്കിങ്
∙കേരളീയം വേദികളിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക് ചെയ്യേണ്ട സ്ഥലങ്ങൾ: പബ്ലിക് ഓഫിസ് ഗ്രൗണ്ട്, ഒബ്‌സർവേറ്ററി ഹിൽ, ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം, വെള്ളയമ്പലം വാട്ടർ വർക്ക്‌സ് വളപ്പ്, യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ,ഗവ.സംസ്‌കൃത കോളജ്, വഴുതക്കാട് ടഗോർ തിയറ്റർ,വഴുതക്കാട് ഗവ.വിമൻസ് കോളജ്, സെന്റ് ജോസഫ്സ് സ്‌കൂൾ, തൈക്കാട് മോഡൽ സ്കൂൾ, ഗവ.ആർട്സ് കോളജ്, സ്വാതിതിരുനാൾ സംഗീതകോളജ്,തമ്പാനൂർ മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ഗവ.ഫോർട്ട് ഹൈസ്‌കൂൾ, അട്ടക്കുളങ്ങര ഗവ.സെൻട്രൽ സ്‌കൂൾ, ആറ്റുകാൽ ഭഗവതിക്ഷേത്ര മൈതാനം, ഐരാണിമുട്ടം ഗവ.ഹോമിയോആശുപത്രി ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, കൈമനം ബിഎസ്എൻഎൽ ഓഫിസ്,നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്റർ.
പരാതികളും നിർദേശങ്ങളും അറിയിക്കേണ്ട ഫോൺ നമ്പർ: ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്: 9497930055, ട്രാഫിക് സൗത്ത് ഇൻസ്‌പെക്ടർ ഓഫ് പൊലീസ്: 9497987002