കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇന്ന് സമർപ്പിക്കും

Advertisement

കൊച്ചി:
കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതിയുടെ മേൽ നോട്ടത്തിലായിരിക്കും പ്രതിയെ കൊണ്ടുള്ള തിരിച്ചറിയൽ പരേഡ് നടത്തുക.

അപകട സമയം കൺവെൻഷനിൽ പങ്കെടുത്തവരെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. അതിനുശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നവംബർ 29 വരെയാണ് മാർട്ടിന്റെ റിമാൻഡ് കാലാവധി. ഈ സമയം കൊണ്ട് കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

കളമശ്ശേരി ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ദുബായിലേക്കടക്കം നീളും. ഇതിനിടെ സ്ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പൊലീസിന് മൊഴി നൽകി. പിന്നാലെ വിദേശത്തെ മാർട്ടിന്റെ പരിചയക്കാരിൽ നിന്നും ഇയാളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി.