സർക്കാരിൻറെ കേരളീയം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വിവാദങ്ങളും വാഗ്വാദങ്ങളും കുറവില്ലാതെ

Advertisement

തിരുവനന്തപുരം. ആവശ്യമോ, ആര്‍ഭാടമോ സർക്കാരിൻറെ കേരളീയം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വിവാദങ്ങളും വാഗ്വാദങ്ങളും കുറവില്ലാതെ. പതിവുപോലെ പ്രതിപക്ഷം മാറിനിന്ന ആഘോഷങ്ങൾക്ക് വിവാദങ്ങളുടെ തീപ്പൊരി കേരളീയത്തിനൊപ്പം ഉണ്ട്. ധൂർത്തിൽ തുടങ്ങി കുടുംബശ്രീ പ്രവർത്തകരെ ഉദ്ഘാടന ചടങ്ങിൽ ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചു എന്നത് വരെ നീളുന്നു ആദ്യദിന വിവാദങ്ങൾ.

സംസ്ഥാന സർക്കാരിന് വികസന നേട്ടങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള വേദിയാണ് കേരളീയം. ജനങ്ങളിലേക്കിറങ്ങാനുള്ള കൃത്യമായ പണിയുടെ അടുത്തഘട്ടം. പ്രതിപക്ഷത്തിന് ധൂർത്ത് നിറഞ്ഞ സർക്കാർ എന്ന ആരോപണത്തിന് ദൃഷ്ടാന്തം ചൂണ്ടിക്കാട്ടാനുള്ള അവസരമാണിത്. ആദ്യദിനം കണ്ട ആരോപണ പ്രത്യാരോപണങ്ങളെല്ലാം കേരളീയം സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ വിവാദ വേദിയാകുന്നു എന്നതിൻറെ തെളിവ്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരളീയം നടത്തുന്നത് അനീതി എന്നതാണ് പ്രതിപക്ഷത്തിന്റെ വാദം. കേരളത്തിൻറെ ആദ്യ ദിനം ആള് കൂടിയത് കമലഹാസനും മമ്മൂട്ടിയും മോഹൻലാലും വന്നതുകൊണ്ട് മാത്രം എന്നാണ് രമേശ് ചെന്നിത്തലയുടെ വാദം.

പ്രതിപക്ഷ ആരോപണത്തെ പുശ്ചിച്ച് തള്ളുന്നുവെന്നാണ് നാംസ്കാരിക മന്ത്രി സജി ചെറിയാൻ്റെ മറുപടി.

വിവാദങ്ങൾ ഒരുവശത്ത് തുടരുമ്പോഴും ആദ്യദിനം കേരളീയത്തിന്റെ വേദികളിൽ കനത്ത തിരക്കാണ് ദൃശ്യമാകുന്നത്. കേരളീയത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തിയ ശബ്ദ സന്ദേശം പുറത്തായത് അതിനിടയിലെ നാണക്കേടായി. എന്നാല്‍ കൃത്യമായ പിആര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ സര്‍ക്കാരിന്‍റെ ഇത്തരം പരിപാടികള്‍ ഒന്നും പൊളിയില്ലെന്ന് ഉറച്ച രാഷ്ട്രീയവിശ്വാസത്തിലാണ് ഇടതുചേരി.

Advertisement