അട്ടിമറി,കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് കോടതിയിലേക്ക്

Advertisement

തൃശൂര്‍. ശ്രീ കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഹൈക്കോടതിയെ സമീപിക്കുന്നു. റീക്കൗണ്ടിംഗ് റിട്ടേണിംഗ് ഓഫീസർ അട്ടിമറിച്ചെന്ന് ആരോപിച്ച് വൈസ് ചാൻസിലർക്ക് പരാതി നൽകി. വിഷയത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷമമായി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും രംഗത്തെത്തി. അതിനിടെ ഹൈക്കോടതി ഇടപെടൽ മറികടക്കാൻ എസ്എഫ്ഐ സ്ഥാനാർഥി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


കേരളവർമ്മ കോളേജിൽ ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് തർക്കം. ആദ്യ റൗണ്ട് വോട്ടെണ്ണലിൽ എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധനും കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ശിവദാസനും 895 വോട്ടുകൾ നേടിയിരുന്നു. പിന്നാലെ നടന്ന റീക്കൗണ്ടിൽ ഒരു വോട്ടിന്റെ ലീഡ് ശ്രീക്കുട്ടന് ലഭിച്ചു. വിജയാഹ്ലാദം തുടങ്ങുന്നതിനിടയിൽ എസ്എഫ്ഐ റിക്കൗണ്ടിംഗ് ആവശ്യപ്പെട്ടു. അതിനിടെ രണ്ടുതവണ കോളേജിൽ വൈദ്യുതി നിലച്ചു. ഇതോടെ പകൽവെളിച്ചത്തിൽ വോട്ടെണ്ണണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പരാതി നൽകിയെങ്കിലും വോട്ടെണ്ണൽ തുടർന്നു. ഒടുവിൽ 11 വോട്ടുകൾക്ക് എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചു. ഇതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടന്റെ ആവശ്യം.

അധികാരത്തിന്റെ ഉന്നത കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പട്ടിമറിച്ചു എന്നാണ് കെഎസ്‌യു സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം.

കെഎസ്‌യു വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ എസ് എഫ് ഐ അട്ടിമറിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കോളേജിൽ നടന്നത് ജനാധിപത്യവിരുദ്ധ തെരഞ്ഞെടുപ്പ് ആണെന്നായിരുന്നു കെപിസിസി പ്രസിഡൻറ് കെ സുധാകരന്റെ ആരോപണം.

തെരഞ്ഞെടുപ്പിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് ഇടപെട്ടു എന്ന് ആരോപിച്ച് കൊച്ചിൻ ദേവസ്വം ബോർഡിനെതിരെയും പ്രതിഷേധം ശക്തമാക്കാനാണ് കെഎസ്‌യു നീക്കം. വിഷയം ജില്ലയിൽ രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമം.

Advertisement