സർക്കാർ – ഗവർണർ വാക്പോര് ഇനി കോടതിയില്‍

Advertisement

തിരുവനന്തപുരം . മാസങ്ങള്‍ നീണ്ട സർക്കാർ – ഗവർണർ വാക്പോര് ഇനി കോടതിയില്‍ വച്ച്. ഏറെക്കാലത്തെ ഒടുവില്‍ കോടതി കയറുന്നത്. നിയമയുദ്ധത്തിന് വഴി തുറന്നതോടെ സംസ്ഥാനത്ത് സർക്കാർ – ഗവർണർ പോരിന് മൂർച്ഛ കൂടുമെന്ന് ഉറപ്പായി. സർക്കാർ നീക്കം മുന്‍കൂട്ടി കണ്ട രാജ്ഭവനും ഇതിനോടകം നിയമവൃത്തങ്ങളുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്.

ബില്ലുകള്‍ ഒപ്പിടാത്ത ഗവർണറുടെ നിലപാടിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന കണക്കുകൂട്ടലാണ് സർക്കാരിന്. എന്നാല്‍, അഴിമതിയും സ്വജനപക്ഷപാതവും ലക്ഷ്യമിട്ടുളള സർക്കാർ നീക്കത്തിന് വഴങ്ങില്ലെന്നും സമ്മർദം വിലപ്പോവില്ലെന്നും ആവർത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്‍. ഇങ്ങനെ കൊണ്ടും കൊടുത്തും മാസങ്ങളായി മുന്നോട്ട് പോയ തർക്കമാണ് ഇപ്പോള്‍ കോടതി കയറുന്നത്. സംസ്ഥാനത്തെ ഭരണത്തലവനെതിരായ നിയമപോരാട്ടം സർക്കാരും രാജ്ഭവനും തമ്മിലുളള ബന്ധം കൂടുതല്‍ ഉലയ്ക്കുമോ എന്നത് കണ്ടറിയേണ്ട കാര്യം.

കോടതിയില്‍ പോകുമെന്ന സൂചന സർക്കാർ നല്‍കിയപ്പോള്‍ തന്നെ, എന്നാല്‍ കോടതിയില്‍ കാണാമെന്ന നിലപാടായിരുന്നു ആരിഫ് മുഹമ്മദ് ഖാന്. മറ്റു സംസ്ഥാനങ്ങള്‍ പലതും ഗവർണർമാർക്കെതിരെ കോടതിയെ സമീപിച്ചിപ്പോഴും ആരിഫ് മുഹമ്മദ് ഖാന്‍ വഴങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. അനുരഞ്ജനത്തിന്‍റെ സാധ്യതകള്‍ അടയുകയും ഗവർണർ വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതുമാണ് ഒടുവില്‍ നിയമവഴി തേടാന്‍ സർക്കാരിനെ പ്രേരിപ്പിച്ചത്. ആരുടെ വാദങ്ങളാകും പരമോന്നത കോടതി മുഖവിലക്കെടുക്കുക എന്നതാണ് ഇനി കണ്ടറിയേണ്ടത്. വിഷയത്തില്‍ രാജ്ഭവന്‍റെ തുടർ നീക്കങ്ങളും ശ്രദ്ധേയമാണ്. കേവല നിയമ പോരാട്ടമെന്നതിനപ്പുറം സർക്കാർ – ഗവർണർ ബലാബല പരീക്ഷണത്തിന്‍റെ വേദി കൂടിയാകും ഈ നിയമയുദ്ധം. സർക്കാരിന്‍റെ ഇനിയുളള പ്രവർത്തനങ്ങളോടുളള ഗവർണറുടെ തുടർ സമീപനവും ശ്രദ്ധേയമാകും

Advertisement