ദേശീയപാതയിൽ 108 ആംബുലൻസിൽ സുഖപ്രസവം

Advertisement

തൃശൂര്‍. പ്രസവവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ദേശീയപാതയിൽ 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം . കിഴക്കഞ്ചേരി ഇളങ്കാവിൽ ജിജുവിന്റെ ഭാര്യ 21 വയസ്സുള്ള ദിവ്യയാണ് ഓടുന്ന 108 ആംബുലൻസിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആയിരുന്നു സംഭവം. വീട്ടിൽ നിന്നും അപ്രതീക്ഷിതമായി വേദന ആരംഭിച്ചതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ദിവ്യയും കുടുംബവും. വേദന അസഹനീയമായതോടെ ഭർത്താവ് വടക്കഞ്ചേരിയിൽ വെച്ച് 108 ആംബുലൻസിന്റെ സഹായം തേടി. ആംബുലൻസ് ഡ്രൈവർ പി എസ് പ്രസീദ്, നഴ്സ് അനൂപ് ജോർജ് എന്നിവർ പരമാവധി വേഗതയിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ വണ്ടി പട്ടിക്കാട് എത്തിയതോടുകൂടി പ്രസവ ലക്ഷണങ്ങൾ കാണിച്ചതോടെ ആംബുലൻസ് റോഡരികിൽ നിർത്തിയിട്ട് നഴ്സായ അനൂപ് ജോർജ് പ്രസവം എടുക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത് ചെമ്പൂത്രയിലുള്ള അലീസ് ഹോസ്പിറ്റലിലേക്ക് അമ്മയെയും നവജാത ശിശുവിനെയും പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി 108 ആംബുലൻസിൽ തന്നെ അവരെ മെഡിക്കൽ കോളേജിലേക്ക് തിരിച്ചുപോയി. പരിശോധനകളെ തുടർന്ന് രണ്ടുദിവസം മുമ്പ് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു വന്നതായിരുന്നു ദിവ്യ.
ജിജു ദിവ്യ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് വ്യാഴാഴ്ച ജനിച്ചത്. അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisement