തിരുവനന്തപുരം.സിപിഎം ന്റെ പലസ്തീൻ ഐക്യദാർഢ്യറാലി യുഡിഎഫിലെ ഐക്യം തകര്‍ക്കുമെന്നുറപ്പായി. മുസ്ലീം ലീഗിനെ സിപിഎം ഔദ്യോഗികമായി ക്ഷണിക്കുന്നു എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹൻ മാസ്റ്ററും ക്ഷണിച്ചാൽ പങ്കെടുക്കും എന്ന് ലീഗ് നേതാവ് ഈ ടി മുഹമ്മദ് ബഷീർ എംപി യും പറഞ്ഞപ്പോൾ രാഷ്ട്രീയമായി വെട്ടിലായത് കോൺഗ്രസ് ആണ്.
സിപിഎം ഈ മാസം 11നു കോഴിക്കോട് നടത്തുന്ന പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലേക് ആദ്യം സമസ്തയെ ക്ഷണിച്ചത് വാര്‍ത്തയായിരുന്നു. എന്നാൽ തൊട്ട് പിന്നാലെ സിപിഎം യുഡിഎഫിനെ വലിയ പ്രതിസന്ധിയിലാക്കുന്ന ഒരു രാഷ്ട്രീയ അടവ് നയം പയറ്റുകയാണ്.
ഐക്യദാർഢ്യ സദസ്സിൽ കോൺഗ്രസിനെ ക്ഷണിക്കില്ലെങ്കിലും മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. ഇത് സിപിഎമ്മിന്‍റേയോ ലീഗിൻ്റെയൊ വിഷയം അല്ല. എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണ് എന്നതാണ് സിപിഎം പ്രഖ്യാപിച്ച നയം.
സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് മുതിർന്ന മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എംപി നേരത്തെ പറഞ്ഞിരുന്നു. എല്ലാവരും ഒന്നിക്കേണ്ട വിഷയമാണ് എന്നതാണ് ഇടിയുടെയും നിലപാട്.
എന്നാൽ ഇത് കെപിസിസി പ്രസിഡന്റ്നെ പ്രകോപിപ്പിച്ചു. പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ ലീഗിനെ തള്ളി കെപിസിസി പ്രസിഡന്‍റ് കോൺഗ്രസ് നിലപാട് പറഞ്ഞു. സിപിഎമ്മിനോടൊപ്പം വേദി പങ്കിടേണ്ടന്നത് യു ഡി എഫ് തീരുമാനമാണ്. അതു മാറിയിട്ടില്ല. ലീഗിൻറെ അഭിപ്രായം എന്താണെന്ന് കേട്ടിട്ടില്ല. വരുന്ന ജന്മം പട്ടിയാണെങ്കിൽ ഇപ്പോഴേ കുരയ്ക്കണോ എന്നാണ് കെ സുധാകരന്‍റെ നിലപാട്.
ഏതായാലും സിപിഎം ന്റെ പാലസ്തീൻ സമ്മേളനത്തിനു ഇനിയും ഒരാഴ്ചയിലേറെ ഉണ്ടെങ്കിലും സിപിഎം യുഡിഎഫിന്‍റെ പുരക്കുമുകളില്‍ തീകോരിയിട്ടുകഴിഞ്ഞു. സിപിഎം ന്റെ ഏക സിവിൽ കോഡ് സെമിനാറിൽ സംഭവിച്ചത് പോലെ ലീഗ് ഒടുവിൽ പങ്കെടുക്കാതെ ഇരുന്നാലും അതുവരെയുള്ള ചർച്ചകൾ യുഡിഎഫിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു ഉറപ്പാണ്.