സ്കൂള്‍ കലോത്സവ മേളകളില്‍ പാചകപ്പുരയിലേക്കില്ലെന്ന തീരുമാനം മാറ്റി പഴയിടം മോഹനന് നമ്പൂതിരി. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചക ചുമതല ഏറ്റെടുത്താണ് സ്കൂള്‍ മേളകളുടെ ഊട്ടുപുരയിലേക്ക് പഴയിടവും സംഘവും വീണ്ടമെത്തുന്നത്. പഴയിടത്തിന്റെ വിഭവസമൃദ്ധമായ സദ്യ തന്നെയാണ് എപ്പോഴും കലോത്സവങ്ങളിലെ ഹൈലൈറ്റ്. ഈ മാസം കളമശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിനും പഴയിടം ഭക്ഷണമൊരുക്കും. ശാസ്ത്രമേള ഉള്‍പ്പെടെയുള്ള സ്കൂള്‍ മേളകളില്‍ പഴയിടം സദ്യയൊരുക്കിയതിന് പിന്നാലെ ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിനും പഴയിടം രുചിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
കഴിഞ്ഞ കലോത്സവത്തിലെ വിവാദങ്ങളില്‍ മനംമടുത്താണ് സ്കൂള്‍ മേളകളിലെ കലവറയില്‍ നിന്ന് പിന്മാറുന്നതെന്ന് പഴയിടം വ്യക്തമാക്കിയിരുന്നു. എറണാകുളം റവന്യൂ ജില്ല ശാസ്ത്രമേളയില്‍ എത്തിയ ഏഴായിരത്തോളം പേര്‍ക്കാണ് പഴയിടം ഭക്ഷണം ഒരുക്കിയത്.പതിനഞ്ചംഗ സംഘത്തിനാണ് ഇത്തവണ കലവറയുടെ മേല്‍നോട്ടം ഉണ്ടായിരുന്നത്. ആദ്യ ദിവസം പഴയിടം തന്നെയാണ് പാചകപ്പുരയിലെ അടുപ്പിന് തീ തെളിയിച്ചത്.
ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലുയര്‍ന്ന നോണ്‍വെജ് വിവാദത്തെ തുടര്‍ന്നാണ് ഇനി സ്കൂള്‍ മേളകള്ക്കില്ലെന്ന് പഴയിടം തീരുമാനിച്ചത്. എന്നാല്‍ സംഘാടകരുടെ നിര്‍ബന്ധത്തിനും സ്നേഹത്തിനും വഴങ്ങിയാണ് ഇപ്പോള്‍ തല്ക്കാലം തീരുമാനം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.