തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട അഴിമതിയും കൊള്ളയും മറച്ചുപിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകള്‍ കൂട്ടുനില്‍ക്കുകയാണെന്നു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണ്. മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിതമായ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും എംഎല്‍എ വിശദീകരിച്ചു.
എംഎല്‍എ എന്ന നിലയില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. ”പല നിര്‍ണായക വിവരങ്ങളും ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ മറുപടി തരുന്നില്ല, എംഎല്‍എ എന്ന നിലയിലുള്ള അവകാശത്തിന്റെ ലംഘനം കൂടിയാണത്. ആര്‍ടിഐ പ്രകാരം പൗരന്‍ ഒരു വിവരം ആവശ്യപ്പെട്ടാല്‍ ഒരുമാസത്തിനകത്തു വിവരം കൈമാറണമെന്നാണു രാജ്യത്തു നിലനില്‍ക്കുന്ന നിയമം.
എന്നാല്‍ എംഎല്‍എ എന്നനിലയില്‍ കൊടുത്ത കത്തുകളില്‍ സര്‍ക്കാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല. പൗരന്‍ എന്ന നിലയില്‍ മറുപടി ലഭിക്കേണ്ട സമയം കഴിഞ്ഞു. മറുപടി തരാത്തതിനു കാരണം മാസപ്പടി അഴിമതി മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ വേണ്ടിയാണ്”കുഴല്‍നാടന്‍ വിമര്‍ശിച്ചു.